അബ്ദുല്‍ റഹ്‌മാന്‍ ഔഫ് വധക്കേസില്‍ മൂന്ന് പ്രതികൾ 101 സാക്ഷികള്‍

LATEST UPDATES

6/recent/ticker-posts

അബ്ദുല്‍ റഹ്‌മാന്‍ ഔഫ് വധക്കേസില്‍ മൂന്ന് പ്രതികൾ 101 സാക്ഷികള്‍

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കാഞ്ഞങ്ങാട് പഴയകടപ്പുറത്തെ അബ്ദുല്‍ റഹ്‌മാന്‍ ഔഫിനെ കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകരായ പി.എം ഇര്‍ഷാദ്, തലയില്ലത്ത് ഹസന്‍, മുണ്ടത്തോട് ഹാഷിര്‍ എന്നിവര്‍ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം ജോസ് ആണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കൊലപാതകം നടന്ന് 90 ദിവസം പിന്നിടാന്‍ ഒരുദിവസം മാത്രം ബാക്കിനില്‍ക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 101 സാക്ഷികളാണ് ഈ കേസിലുള്ളത്. 176 പേരെ ചോദ്യം ചെയ്തു. കത്തി ഉള്‍പ്പെടെ 43 തൊണ്ടിമുതലുകളും കസ്റ്റഡിയിലെടുത്തിരുന്നു. വൂണ്ട് സര്‍ട്ടിഫിക്കറ്റ്, ചികിത്സാരേഖകള്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ഫോണ്‍ രേഖകള്‍ തുടങ്ങി 42 പേപ്പര്‍ രേഖകളും കുറ്റപത്രത്തോടൊപ്പം ഹാജരാക്കി. 2020 ഡിസംബര്‍ 23ന് രാത്രി കല്ലൂരാവിയില്‍ വെച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അബ്ദുല്‍ റഹ്‌മാന്‍ ഔഫിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഔഫിന്റെ സുഹൃത്തായ യുവാവിനും കുത്തേറ്റിരുന്നു. ഈ യുവാവിന്റെയും മറ്റ് ദൃക്സാക്ഷികളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ഹൊസ്ദുര്‍ഗ് പൊലീസ് ഇര്‍ഷാദ് ഉള്‍പ്പെടെ മൂന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ദാമോദരനാണ് ആദ്യം ഈ കേസില്‍ അന്വേഷണം നടത്തിയിരുന്നത്. ഇദ്ദേഹം സ്ഥലംമാറിപ്പോയതോടെ ഡി.വൈ.എസ്.പി എം.എം ജോസ് അന്വേഷണച്ചുമതല ഏറ്റെടുക്കുകയായിരുന്നു.

കൊലപാതകത്തിന് കാരണം രാഷ്ട്രീയവിരോധം തന്നെയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ ഔഫും കേസിലെ ഒന്നുമുതല്‍ മൂന്നുവരെ സാക്ഷികളും നഗരസഭയിലെ 35-ാം വാര്‍ഡില്‍ എല്‍.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. വാര്‍ഡ് ലീഗില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുക്കുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യം മൂലം ഔഫിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കി. ഔഫിനെയും ഒന്നുമുതല്‍ മൂന്നുവരെ സാക്ഷികളെയും മുണ്ടത്തോട് റോഡില്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു. കത്തി, മരവടി, ഇരുമ്പുവടി തുടങ്ങിയ ആയുധങ്ങളാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. മൂന്നാംപ്രതി ഹാഷിറിന്റെ ഇരുമ്പുവടി കൊണ്ടുള്ള അടിയേറ്റ് ഒന്നാംസാക്ഷിയുടെ വലതുകവിളില്‍ പരിക്കേറ്റിരുന്നു. ഈ സമയം പിന്നില്‍ സ്‌കൂട്ടറില്‍ വരികയായിരുന്ന അബ്ദുല്‍ റഹ്‌മാന്‍ ഔഫിനെ സ്‌കൂട്ടറില്‍ നിന്ന് വലിച്ചുതാഴെയിട്ട് അക്രമിക്കുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.

Post a Comment

0 Comments