വാക്‌സിന്‍ വില കുറയും, രണ്ട് കമ്പനികളോടും വില കുറയ്ക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ട്

LATEST UPDATES

6/recent/ticker-posts

വാക്‌സിന്‍ വില കുറയും, രണ്ട് കമ്പനികളോടും വില കുറയ്ക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ട്

 



ദില്ലി: വാക്‌സിന്‍ വിലയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാനങ്ങള്‍ അടക്കം രംഗത്ത് വന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെട്ട് കേന്ദ്രം. വാക്‌സിന്‍ നിര്‍മാതാക്കളോട് വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും വില കുറയ്ക്കുന്നതിനുള്ള സാധ്യത തേടാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. മെയ് ഒന്ന് മുതല്‍ 18 വയസ്സ് മുതലുള്ളവര്‍ വാക്‌സിനേഷന്‍ ആരംഭിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നത്. പരമാവധി എല്ലാവരെയും വാക്‌സിനേറ്റ് ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഭാരത് ബയോടെക് അവരുടെ കൊവാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയ്ക്കുമാണ് നല്‍കുന്നത്. അതേസമയം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അവരുടെ കൊവിഷീല്‍ഡ് വാക്‌സിന് സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമാണ് ഈടാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് ഇവര്‍ 150 രൂപയ്ക്കാണ് നല്‍കുന്നത്. ഇതാണ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ഒരു രാജ്യത്ത് വാക്‌സിന് മൂന്ന് വില ഈടാക്കുകയാണെന്ന് സംസ്ഥാനങ്ങള്‍ കുറ്റപ്പെടുത്തി. ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ത്യയില്‍ വാക്‌സിന്‍ വില്‍ക്കുന്നതെന്നും നേരത്തെ കണ്ടെത്തിയിരുന്നു.


സംസ്ഥാനങ്ങള്‍ക്ക് മേല്‍ കൂടുതല്‍ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്നതാണ് വാക്‌സിന്‍ നയമെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്രത്തിനും സംസ്ഥാനങ്ങളും ഏകീകൃതമായ വിലയ്ക്ക് വാക്‌സിന്‍ നല്‍കണമെന്നാണ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്. രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്ന സമയത്ത് വാക്‌സിന്‍ കമ്പനികള്‍ ലാഭത്തിന് ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തിയിരുന്നു. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ അധ്യക്ഷനായ യോഗത്തിലാണ് വാക്‌സിന്‍ വില സംബന്ധിച്ച പ്രശ്‌നം ചര്‍ച്ച ചെയ്തത്.

അതേസമയം കമ്പനികള്‍ വാക്‌സിന്‍ വലി കുറയ്ക്കാന്‍ തയ്യാറാവുമെന്നാണ് സൂചന. മെയ് ഒന്ന് മുതല്‍ സ്റ്റോക്കുള്ള വാക്‌സിന്റെ 50 ശതമാനം കേന്ദ്രത്തിന് വാക്‌സിന്‍ കമ്പനികള്‍ നല്‍കണം. ബാക്കിയുള്ള 50 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കും പൊതുവിപണിയിലുമായി നല്‍കുന്നത്. എന്നാല്‍ ഈ വിലയാണ് അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ നല്‍കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും ഈ വിലയെ ന്യായീകരിക്കുകയും ചെയ്തിരുന്നു. മീഡിയാ പ്ലസ് ന്യൂസ് - കൊവിഡ് ചികിത്സയ്ക്കായുള്ള മറ്റ് ഉപകരണങ്ങളുടെയും മറ്റും വില നോക്കുമ്പോള്‍ വാക്‌സിന്റെ വില വളരെ കുറവാണെന്ന് കമ്പനികള്‍ പറയുന്നു.


Post a Comment

0 Comments