അഹമ്മദാബാദ്: ഇന്ത്യയിൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഐപിഎൽ ക്രിക്കറ്റിൽനിന്ന് കളിക്കാർ പിന്മാറാൻ തുടങ്ങി. വിദേശ കളിക്കാർക്കൊപ്പം ഇന്ത്യൻ താരങ്ങളും കളത്തിൽനിന്ന് പിൻവാങ്ങുകയാണ്. ജനങ്ങൾ ദുരിതം നേരിടുന്ന ഘട്ടത്തിൽ ഐപിഎൽ മേള ഒഴിവാക്കണമെന്ന ആവശ്യമുയർന്നിരുന്നു.
ഓസ്‌ട്രേലിയൻ താരങ്ങളായ ആദം സാമ്പ, കെയ്‌ൻ റിച്ചാർഡ്‌സൺ, ആൻഡ്രൂ ടൈ എന്നിവരാണ് പിൻമാറിയത്. ഇന്ത്യൻ ടെസ്‌റ്റ് താരം ആർ അശ്വിനും വിട്ടുനിൽക്കും. ഡൽഹി ക്യാപിറ്റൽസ് താരമായ അശ്വിൻ കഴിഞ്ഞദിവസം ട്വിറ്ററിലൂടെയാണ് പിന്മാറുന്ന വിവരം അറിയച്ചത്.
‘കോവിഡ് മഹാമാരിക്കെതിരെ പൊരുതുകയാണ് കുടുംബം. ഈ ദുരിതഘട്ടത്തിൽ അവർക്ക് പിന്തുണ നൽകുകയാണ് എന്റെ കർത്തവ്യം. ഈയൊരവസ്ഥ മാറുന്നഘട്ടത്തിൽ ടൂർണമെന്റിലേക്ക് തിരിച്ചുവരാൻ കഴിയുമെന്നാണ് പ്രതീക്ഷ–- അശ്വിൻ കുറിച്ചു.
വിദേശ രാജ്യങ്ങളിലെ കളിക്കാർ ഇനിയും പിന്മാറാൻ സാധ്യതയുണ്ട്. രാജസ്ഥാൻ റോയൽസ് താരം ലിയാം ലിവിങ്‌സ്‌റ്റൺ രണ്ട് ദിവസംമുമ്പ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയിരുന്നു. ടൈയും രാജസ്ഥാൻ കളിക്കാരനാണ്. റിച്ചാർഡ്‌സണും സാമ്പയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കളിക്കാരും. മൂവരും ഓസ്‌ട്രേലിയൻ താരങ്ങളാണ്.
അതിനിടെ കളിക്കാരെ തിരിച്ചുവിളിക്കില്ലെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് വ്യക്തമാക്കി. എന്നാൽ കളിക്കാർക്ക് മടങ്ങാൻ ഉദ്ദേശ്യമുണ്ടെങ്കിൽ അതിനുവേണ്ട സഹായങ്ങൾ നൽകും. ഇന്ത്യയിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. കോവിഡിന്റെ പശ്‌ചാത്തലത്തിൽ ഓസ്‌ട്രേലിയ അതിർത്തികൾ അടച്ചിരുന്നു.
0 Comments