സോളാർ കേസ്; സരിതക്ക് 6 വർഷം കഠിന തടവും പിഴയും

LATEST UPDATES

6/recent/ticker-posts

സോളാർ കേസ്; സരിതക്ക് 6 വർഷം കഠിന തടവും പിഴയും

 





കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ കുറ്റക്കാരിയെന്ന് തെളിഞ്ഞ സരിത എസ്‌ നായർക്ക് 6 വർഷം കഠിന തടവ് വിധിച്ച് കോടതി. കൂടാതെ, 30000 രൂപ പിഴയും അടക്കണം. കോഴിക്കോട് ഫസ്‌റ്റ് ക്‌ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. കേസിലെ മൂന്നാം പ്രതി മണിമോനെ കോടതി വെറുതെ വിട്ടു.


സോളാർ പാനൽ സ്‌ഥാപിക്കാമെന്ന് പറഞ്ഞ് കോഴിക്കോട് സെന്റ് വിൻസെന്റ് കോളനി ഫജർ ഹൗസിൽ അബ്‌ദുൽ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാർ പാനൽ സ്‌ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. വിചാരണ 2018 ഒക്‌ടോബറിൽ പൂർത്തിയായിരുന്നു. കോഴിക്കോട് കസമ്പ പോലീസിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.


കഴിഞ്ഞ മാസം കേസിന്റെ വിധി വരേണ്ടതായിരുന്നു. എന്നാൽ സരിതാ നായർ ഹാജരായിരുന്നില്ല. കേസിലെ രണ്ടാം പ്രതിയാണ് സരിത. നിരവധി കോടതി വാറണ്ടുകൾ ഉണ്ടായിട്ടും തൊഴിൽ തട്ടിപ്പുകേസിൽ അടക്കം പ്രതിയായിട്ടും സരിതയെ അറസ്‌റ്റ് ചെയ്യാത്ത കോടതി നടപടി വിവാദമായിരുന്നു. തുടർന്ന് കോഴിക്കോട് കസബ പോലീസ് കഴിഞ്ഞ ആഴ്‌ചയാണ് തിരുവനന്തപുരത്ത് നിന്ന് സരിതയെ അറസ്‌റ്റ് ചെയ്‌തത്‌. സോളാർ തട്ടിപ്പ് കേസിൽ ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് കോടതികളിലും സരിതക്കെതിരെ വാറണ്ടുകൾ നിലനിൽക്കുന്നുണ്ട്.


സരിതക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ബിസിനസിന് വേണ്ടി ചതി എന്നതിനപ്പുറം കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു. താൻ കുറ്റക്കാരിയല്ലെന്നും ബിജു രാധാകൃഷ്‌ണൻ തന്നെ ചതിച്ചതാണെന്നുമുള്ള സരിതയുടെ വാദം കോടതി കണക്കിലെടുത്തില്ല. ബിജു രാധാകൃഷ്‌ണൻ ഇന്ന് കോടതിയിൽ ഹാജരായില്ല.

Post a Comment

0 Comments