പ്രായപൂർത്തിയാകാത്ത മകന് സ്പോർട്സ് ബൈക്ക് ; അമ്മക്ക് തടവും കാൽ ലക്ഷം പിഴയും

LATEST UPDATES

6/recent/ticker-posts

പ്രായപൂർത്തിയാകാത്ത മകന് സ്പോർട്സ് ബൈക്ക് ; അമ്മക്ക് തടവും കാൽ ലക്ഷം പിഴയും

 


കാഞങ്ങാട്‌: പ്രായപൂര്‍ത്തിയാവാത്ത മകന്‍ ബൈക്കോടിച്ച് പോലീസ് പിടികൂടിയ  കേസില്‍ വാഹന ഉടമയായ അമ്മയ്ക്ക് ഒരു ദിവസം തടവും 25000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.

കുണ്ടംകുഴി വേളാഴി സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് അമ്മ സ്പോർട്സ് ബൈക്ക് വാങ്ങി നല്കിയത്. കഴിഞ്ഞ ലോക്ക് ഡൗണ്‍ സമയത്ത് 2020 മാര്‍ച്ച് 17 നാണ് കേസിനാസ്പദമായ സംഭവം. കുണ്ടംകുഴി മാവിനക്കല്ല് പ്രദേശത്ത് നിന്ന് വാഹനം ഓടിച്ചു വന്ന വിദ്യാർത്ഥിയെ  അന്നത്തെ ബേഡകം സി ഐ ആയിരുന്ന ടി ഉത്തംദാസ്, പോലീസുകാരനായ പ്രദീപ് കുമാർ എന്നിവർ ചേർന്നാണ് പിടികൂടിയത്.

പരിശോധനയിൽ വാഹനം ഓടിച്ചയാൾക്ക്  പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അമ്മയാണ് കുട്ടിക്ക് വിലകൂടിയ സ്പോർട്സ് ബൈക്ക് വാങ്ങി നല്കിയത് എന്നും കുട്ടിയുടെ പിതാവ് വിദേശത്താണെന്നും പോലീസിന് മനസ്സിലായി.  തുടര്‍ന്ന് വാഹന ഉടമയായ അമ്മയ്ക്ക് എതിരെയും ജുവനൈല്‍ വകുപ്പ് പ്രകാരം മകനെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ  പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക്, കുറ്റമാണെന്ന  അറിവോടു കൂടി വാഹനം ഓടിക്കാൻ  നല്‍കിയതിന് വാഹന ഉടമയായ അമ്മയ്ക്ക് 25000 രൂപ പിഴയും കോടതി പിരിയുന്നത് വരെ ഒരു ദിവസത്തെ തടവ് ശിക്ഷയും  കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ശിക്ഷയായി  ഉത്തരവിടുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് 1000 രൂപ പിഴയും വിധിച്ചു.

അന്നത്തെ ബേഡകം സി ഐ ആയിരുന്ന ടി ഉത്തംദാസാണ് വിദ്യാർത്ഥിയെ ബൈക്ക് സഹിതം  പിടികൂടി സ്വമേധയാ കേസെടുത്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

Post a Comment

0 Comments