തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്പ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐ.സി.എം.ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്തുവാന്‍ പാടുള്ളൂ. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കോവിഡ് പരിശോധനകളും നടത്തുന്നത്.
ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കിയ സംസ്ഥാനമായിരുന്നു കേരളം. ഏറ്റവും കുറഞ്ഞ നിരക്ക് ഒഡീഷയിലാണ് 400 രൂപ. കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടിയ നിരക്ക് തമിഴ്‌നാട്ടില്‍ 1200 രൂപ; വീട്ടിലെത്തി സാംപിള്‍ ശേഖരിക്കുമ്പോള്‍ 1500-1750 രൂപയും. ഡല്‍ഹിയിലും കര്‍ണാടകയിലും 800 രൂപയാണു നിരക്ക്. വീട്ടിലെത്തി ശേഖരിക്കുമ്പോള്‍ 1200 രൂപയാണ്.
0 Comments