അടുത്ത മാർച്ച് 31 വരെ വൈദ്യുതി നിരക്ക് കൂടില്ലെന്ന് കെഎസ്ഇബി

അടുത്ത മാർച്ച് 31 വരെ വൈദ്യുതി നിരക്ക് കൂടില്ലെന്ന് കെഎസ്ഇബി




അടുത്ത വർഷം മാർച്ച് 31 വരെ വൈദ്യുതി നിരക്ക് കൂടില്ലെന്ന് കെഎസ്ഇബി. വൈദ്യുതി നിരക്ക് കൂട്ടുമെന്ന് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.


കഴിഞ്ഞ രണ്ടുമാസത്തെ ബില്‍ ഇപ്പോഴാണ് പലയിടങ്ങളിലും വന്നു തുടങ്ങിയത്. ഇതില്‍ പലര്‍ക്കും ബില്‍ തുക കൂടുതലാണ്. ഇതാണ് നിരക്ക് വര്‍ധനയുണ്ടായോ എന്ന സംശയത്തിന് കാരണമായത്. എന്നാല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയിട്ടില്ല. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കെഎസ്ഇബി അറിയിച്ചു.


2019 ജൂലായിലാണ് ഏറ്റവുമവസാനം സംസ്ഥാനത്ത് കെഎസ്ഇബി നിരക്ക് കൂട്ടിയിട്ടുള്ളത്. അതിന് ശേഷം ഈ വര്‍ഷം മാര്‍ച്ച് 19 ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഒരു ഉത്തരവ് ഇറക്കിയിരുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ ഇനിയൊരു നിരക്ക് വര്‍ധനവ് ഉണ്ടാകുകയില്ലെന്നായിരുന്നു ആ ഉത്തരവ്. മാത്രമല്ല, നിരക്ക് വര്‍ധിപ്പിക്കണമെന്ന് കെഎസ്ഇബി ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടുമില്ല. ഇത് മനസ്സിലാക്കാതെയാണ് പലരും വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതെന്നും കെഎസ്ഇബി പറയുന്നു.


നിലവിലെ സ്ലാബ് രീതി പലര്‍ക്കും മനസ്സിലാകാത്തതാണ് ഈ പ്രചാരണത്തിന് കാരണമാകുന്നതെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു. ആദ്യ 100 യൂണിറ്റ് വരെ 3.15 പൈസയും അതിന് ശേഷമുള്ള ഓരോ നൂറ് യൂണിറ്റിനും വ്യത്യസ്തമായ നിരക്കാണ് ഈടാക്കുന്നത്. മാത്രമല്ല, ഉപയോഗം 500 യൂണിറ്റിന് പുറത്ത് പോകുകയാണെങ്കില്‍ മുഴുവന്‍ യൂണിറ്റിനും ഉയര്‍ന്ന നിരക്ക് നല്‍കേണ്ടിവരും. ഈ ഒരു വ്യത്യാസം മനസ്സിലാക്കാതെയാണ് പലരും വ്യാജസന്ദേശം പ്രചരിപ്പിക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു.

Post a Comment

0 Comments