വാക്‌സിന്‍ ചലഞ്ചിലേക്ക് രണ്ടു ലക്ഷം നല്‍കിയ ബീഡിത്തൊഴിലാളി സത്യപ്രതിജ്ഞാ ചടങ്ങിലെ അതിഥി

LATEST UPDATES

6/recent/ticker-posts

വാക്‌സിന്‍ ചലഞ്ചിലേക്ക് രണ്ടു ലക്ഷം നല്‍കിയ ബീഡിത്തൊഴിലാളി സത്യപ്രതിജ്ഞാ ചടങ്ങിലെ അതിഥി

 




രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അതിഥിയായി വാക്‌സിന്‍ ചലഞ്ചിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന ചെയ്ത ബീഡിത്തൊഴിലാളി ജനാര്‍ദ്ദനനും. തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചതിന്റെ കത്തും കാര്‍, ഗേറ്റ് പാസുകളും ജനാര്‍ദ്ദനന്‍ തന്നെയാണ് പുറത്തുവിട്ടത്.

അക്കൗണ്ടിലുണ്ടായിരുന്ന 2,00,850 രൂപയില്‍, 850 രൂപ ബാക്കി വച്ച് രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയാണ് ജനാര്‍ദ്ദനന്‍ ശ്രദ്ധേയനായത്. ഏപ്രില്‍ അവസാനവാരം കണ്ണൂര്‍ ടൗണിലെ ഒരു ബാങ്കു ജീവനക്കാരന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് ജനാര്‍ദ്ദനന്റെ കഥ പുറംലോകമറിഞ്ഞത്. 35 വര്‍ഷത്തോളമായി ദിനേശിലെ തൊഴിലാളിയാണ് ജനാര്‍ദ്ദനന്‍. ആകെയുള്ള സമ്പാദ്യവും ഭാര്യയുടെയും തന്റെയും ഗ്രാറ്റുവിറ്റിയും ചേര്‍ന്ന തുകയായിരുന്നു അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. അതില്‍ നിന്നാണ് അദ്ദേഹം വാക്‌സിന്‍ ചലഞ്ചിലേക്ക് സംഭാവന നല്‍കിയത്.


സംഭാവനയെക്കുറിച്ച് അന്ന് ജനാര്‍ദ്ദനന്‍ പറഞ്ഞത് ഇങ്ങനെ: മുഖ്യമന്ത്രി ഒരു വാക്കു പറഞ്ഞിരുന്നു. വാക്‌സിന്‍ സൗജന്യമായി കൊടുക്കുമെന്ന്. കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന് വില നിശ്ചയിച്ചല്ലോ. അത് മൊത്തം ആലോചിച്ചു നോക്കുമ്പോള്‍ നമ്മുടെ കേരളത്തിന് താങ്ങാന്‍ പറ്റുന്നതില്‍ അപ്പുറമാണ് ആ വില. യഥാര്‍ഥത്തില്‍ മുഖ്യമന്ത്രിയെ കുടുക്കാന്‍ വേണ്ടീട്ട് ചെയ്തതായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. മുഖ്യമന്ത്രിക്ക് ശക്തമായ പിന്തുണ കൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ ഈ കാര്യം ചെയ്തത്. എനിക്ക് ജീവിക്കാന്‍ ഇപ്പോള്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെന്‍ഷന്‍ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പും ഉണ്ട്. അതിനു ആഴ്ചയില്‍ 1000രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാന്‍ ഇതു തന്നെ ധാരാളം.


വൈറലായ ബാങ്ക് ജീവനക്കാരന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു:

ഇന്നലെ ഞാന്‍ ജോലിചെയ്യുന്ന ബാങ്കില്‍ പ്രായമുള്ള ഒരാള്‍ വന്നു. പാസ്സ് ബുക്ക് തന്നു ബാലന്‍സ് ചോദിച്ചു. 2,00,850 രൂപ ഉണ്ടെന്നു പറഞ്ഞു. ‘ഇതില്‍ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കോവിഡ് വാക്‌സിന്‍ വാങ്ങുന്നതിനു സംഭാവന നല്‍കണം’. കാണുമ്പോള്‍തന്നെ അവശത തോന്നുന്ന ഒരു മനുഷ്യന്‍. കുറച്ചു സംസാരിച്ചപ്പോള്‍ ജീവിക്കാന്‍ മറ്റ് ചുറ്റുപാടുകള്‍ ഒന്നും ഇല്ലെന്നു മനസ്സിലായി. വേണ്ടത്ര ആലോചന ഇല്ലാതെ എടുത്ത തീരുമാനം ആണെങ്കിലോ എന്നുകരുതി ഒരു ലക്ഷം ഇപ്പോഴും ബാക്കി അല്പം കഴിഞ്ഞും അയച്ചാല്‍ പോരെ എന്ന് ചോദിച്ചു. നിങ്ങള്‍ക്ക് എന്തെങ്കിലും പൈസ ആവശ്യമായി വന്നാലോ.”


‘എനിക്ക് ജീവിക്കാന്‍ ഇപ്പോള്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെന്‍ഷന്‍ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പും ഉണ്ട് അതിനു ആഴ്ചയില്‍ 1000 രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാന്‍ ഇതു തന്നെ ധാരാളം. ‘ ‘മുഖ്യമന്ത്രി ഇന്നലെ ഈ കാര്യം പറഞ്ഞപ്പോള്‍ എടുത്ത തീരുമാനമാണ്. വളരെ ആലോചിച്ചു തന്നെ. ഇതു ഇന്നയച്ചാലേ എനിക്ക് ഉറങ്ങാന്‍ കഴിയൂ. എന്റെ പേര് ആരോടും വെളിപ്പെടുത്തരുത്. ‘


”അനാവശ്യ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി ആ മുഖഭാവം കണ്ടപ്പോള്‍. ഇങ്ങനെയുള്ള നന്മയുള്ള മനസ്സുകളാണ് നമ്മുടെ നാടിനെ താങ്ങി നിര്‍ത്തുന്നത്. അതാണ് ഉറപ്പോടെ പറയുന്നത് നമ്മള്‍ ഇതും അതിജീവിക്കും.. അതാണ് ഉറപ്പോടെ പറയുന്നത് ഇത് കേരളമാണ്.”


Post a Comment

0 Comments