കാസര്‍കോട്: ജില്ലയില്‍ ഡയാലിസിസ് ചെയ്യുന്നവര്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ ‘സ്നേഹസാന്ത്വനം’ പദ്ധതിയെന്ന തലക്കെട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തയെക്കുറിച്ച് വിശദീകരിച്ച് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍.
പാവപ്പെട്ട ഡയാലിസിസ് രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് പദ്ധതി (കിഡ്സി)യുടെ പ്രാഥമിക പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണെന്നും എത്രയും വേഗത്തില്‍ പദ്ധതി നടപ്പിലാക്കാന്‍ സാധിച്ചേക്കുമെന്നും ഷാനവാസ് പാദൂര്‍ പറഞ്ഞു. ജില്ലയിലെ ത്രിതല പഞ്ചായത്തുകളെ സംയോജിപ്പിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. കിഡ്സ് അഥവാ കാസര്‍ഗോഡ് ഇനിഷ്യേറ്റീവ് ഫോര്‍ ഡയാലിസിസ് സപ്പോര്‍ട്ട് എന്ന പേരിലാണ് പദ്ധതി. തുടക്കത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ, ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നിചപ്പെടുത്തും. തുടര്‍ന്ന് സാര്‍വ്വത്രികമാക്കും.
കോവിഡ് ഒന്നാം തരംഗത്തില്‍ അതിര്‍ത്തികള്‍ അടച്ചപ്പോള്‍ മംഗലാപുരത്തെ ആശുപത്രികളില്‍ ഡയാലിസിസിനെത്താന്‍ കഴിയാതെ രോഗികള്‍ മരിക്കാനിടയായ സംഭവത്തെത്തുടര്‍ന്നാണ് ജില്ലയിലെ വൃക്കരോഗികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ആലോചന തുടങ്ങിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ 24 ഡയാലിസിസ് മെഷീനുകള്‍ മാത്രമാണ് നേരത്തെ ഉണ്ടായിരുന്നത്. ഇതു വഴി ഒരു ദിവസം 72 രോഗികള്‍ക്ക് മാത്രമേ സേവനം ലഭ്യമാക്കാന്‍ സാധിച്ചിരുന്നുള്ളൂ. ജില്ലയില്‍ 673 വൃക്കരോഗികള്‍ ഉണ്ടെന്നാണ് കണക്ക്. ഭൂരിഭാഗവും ഡയാലിസിസ് ചെയ്യുന്നത് മംഗലാപുരത്ത് നിന്നാണ്. രോഗികളുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുകയാണ് കിഡ്സ് പദ്ധതിയുടെ ലക്ഷ്യം.
ഡയാലിസിസ് സബന്ധമായ എല്ലാ ചിലവുകളും സൊസൈറ്റി വഹിക്കും. ഒരു ഡയാലിസിസിന് 750 വീതമാണ് ഇപ്പോള്‍ കണക്കാക്കിയിട്ടുള്ളത്. ഇത് പ്രകാരം ഗ്രാമ-ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകള്‍ 250 രൂപ വീതം വിഹിതമായി നല്‍കും. ജില്ലയിലെ 673 രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ലഭ്യമാക്കാന്‍ പ്രതിവര്‍ഷം 5.88 കോടി രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രോഗികളുടെ യാത്രാ ദുരിതം കുറക്കുന്നതിന് അതാത് ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലെ ഡയാലിസിസ് സംവിധാനമുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ നിര്വ്വഹണോദ്യഗസ്ഥനായ ജില്ലാ മെഡിക്കല്‍ ഓഫീസറെ (ആരോഗ്യം) യാണ് സമീപിക്കേണ്ടത്.
ഡയാലീസിസ് ചെയ്യുന്ന രോഗികള്‍ക്ക് ജില്ലാ പഞ്ചായത്ത് ഈ മാസം മുതല്‍ എല്ലാ മാസവും 4000 രൂപ നല്‍കുന്നുവെന്നും, പണം അവരവരുടെ അക്കൗണ്ടുകളില്‍ വരവു വെക്കുമെന്നും, ഉടന്‍ ആശാവര്‍ക്കര്‍മാരുമായി ബന്ധപ്പെടണമെന്നും, ഡി.എം.ഒയുടെ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രോഗികള്‍ക്ക് ആനുകുല്യം നിഷേധിക്കപ്പെടുമെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത. ഇത് യാഥാര്‍ത്ഥ വസ്തകളെ മറച്ചു വെച്ചും, തെറ്റിദ്ധരിപ്പിക്കുന്ന നിലയിലുള്ളതുമാണെന്നും, അര്‍ഹതയുള്ളവര്‍ക്ക് അധികം വൈകാതെ തന്നെ ഡയാലിസിസ് സൗകര്യം ഏര്‍പ്പെടുത്താന്‍ കഴിയുമെന്നും ഷാനവാസ് പാദൂര്‍ അറിയിച്ചു.
-പ്രതിഭാരാജന്‍
0 Comments