സൗദിയിൽ അക്കൗണ്ടിങ് മേഖലയിൽ 30 % സ്വദേശിവത്കരണം പ്രാബല്യത്തിൽ

സൗദിയിൽ അക്കൗണ്ടിങ് മേഖലയിൽ 30 % സ്വദേശിവത്കരണം പ്രാബല്യത്തിൽ




റിയാദ് ∙ സ്വകാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ട്സ് വിഭാഗത്തിൽ  30 ശതമാനം സ്വദേശിവത്കരണം നടപ്പാക്കിത്തുടങ്ങിയതായി സൗദി മാനവവിഭവ ശേഷി സാമൂഹിക മന്ത്രാലയം അറിയിച്ചു. ഇതിലൂടെ പുതിയ 9,800 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണു ലക്ഷ്യം. ജൂൺ  11 മുതൽ ഇതു പ്രാബല്യത്തിൽ വരുമെന്ന് നേരത്തേ മന്ത്രാലയം അറിയിച്ചിരുന്നു.  

കഴിഞ്ഞ ഡിസംബറിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ റജിഹിയാണ് ഇക്കാര്യം പ്രസ്താവിച്ചത്. തൊഴിൽ രംഗത്ത് യോഗ്യതയുള്ള സ്വദേശി പുരുഷന്മാർക്കും സ്ത്രീകൾക്കും മാന്യമായ തൊഴിലവസരങ്ങൾ നലൽകുക, പ്രാദേശികവത്ക്കരണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് നിതാഖാത്ത് പദ്ധതിയുടെ തുടർ നടപടികളുടെ ഭാഗമായുള്ള നീക്കത്തിലൂടെ ലക്ഷ്യമിടുന്നനത്. തൊഴിൽ വിപണിയിൽ സ്വദേശികളുടെ പ്രാതിനിധ്യം വർധിപ്പിക്കാനും, വെല്ലുവിളി നിറഞ്ഞ സ്ഥാനങ്ങൾ ഏറ്റെടുക്കുന്നതിന് സ്വദേശികളെ പ്രാപ്തരാക്കാനും പരിശീലനത്തിലൂടെ ദേശീയ മനുഷ്യവിഭവ ശേഷിയുടെ കാര്യക്ഷമത ഉയർത്താനുമാണു പദ്ധതി. 

ഇതനുസരിച്ച് അക്കൗണ്ടന്റ് തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർ സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് അക്കൗണ്ടന്റിൽ റജിസ്റ്റർ ചെയ്തിരിക്കണമെന്ന നിബന്ധനയും ഉണ്ട്. പുതിയ നിയമം പ്രാപല്യത്തിൽ വരുന്നതോടെ സ്വദേശി അക്കൗണ്ടന്റുമാർ ബാച്‌ലർ ഡിഗ്രിയുള്ളവരാണെങ്കിൽ ചുരുങ്ങിയത് 6000 റിയാലും ഡിപ്ലോമയാണ് യോഗ്യതയെങ്കിൽ 4500 റിയാലും വേതനം നൽകണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.  

ഇതിന്റെ ഭാഗമായി സ്വദേശി അകൗണ്ടന്റുമാരെ നിയമിക്കുന്നതിൽ സ്വകാര്യ മേഖലയ്ക്ക് പിന്തുണയും പ്രോത്സാഹനവും നൽകുന്ന പ്രത്യേക പദ്ധതിയും മന്ത്രാലയം അവതരിപ്പിച്ചു. അനുയോജ്യരായ സ്വദേശി ജീവനക്കാരെ തിരയുന്നത് മുതൽ, റിക്രൂട്ട്‌മെന്റ്, ആവശ്യമായ പരിശീലനം പുനരധിവാസം തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടും. അഞ്ചിൽ കൂടുതൽ അക്കൗണ്ടിങ് ജീവനക്കാർ ആവശ്യമായ സ്ഥാപനങ്ങളിലെ നിശ്ചയിക്കപ്പെട്ട 19 തസ്തികകളിൽ 30 ശതമാനം സ്വദേശികളെ നിയമിക്കണമെന്നതാണ് നിയമം. ഇതിനായി പ്രത്യേക മാർഗ രേഖയും മന്ത്രാലയം പുറത്തിറക്കി.

 നിയമങ്ങൾ ലംഘിക്കപ്പെടുന്ന പക്ഷം മുഴുവൻ അക്കൗണ്ടിങ് ജീവനക്കാരുടെയും സർക്കാരിൽനിന്നുള്ള ഇലക്ട്രോണിക് സേവനങ്ങൾ നിർത്തലാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സർക്കാർ ഈടാക്കുന്ന പിഴയ്ക്കു പുറമെയാണിത്. ഇങ്ങനെ ഇ–സർവീസുകൾ ബ്ളോക് ചെയ്യപ്പെടുന്ന തൊഴിലാളിക്ക് വീസ പുതുക്കുന്നതിനോ, സ്‌പോൺസർഷിപ് മാറുന്നതിനോ, ഇഖാമയിലെ തൊഴിൽ മാറ്റത്തിനോ, വർക് പെർമിറ്റ് പുതുക്കുന്നതിനോ കഴിയില്ല. വർക് പെർമിറ്റിൽ നൽകിയ പ്രഫഷനിൽ നിന്ന് വ്യത്യസ്തമായ തൊഴിലെടുക്കുന്ന തൊഴിലാളിയെ പിടിക്കപ്പെട്ടാൽ മുകളിൽ സൂചിപ്പിച്ച ശിക്ഷാ നടപടികൾക്ക് പുറമെ സ്ഥാപനത്തിനെതിരെയും നിയമപരമായ പിഴ ഈടാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.  

എൻജിനീയർമാർ, ടെക്നിഷ്യന്മാർ എന്നിവർക്കു പുറമെ അക്കൗണ്ടിങ് മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവർ  പ്രത്യേക ബോഡിയിൽ റജിസ്റ്റർ ചെയ്യണമെന്ന് നേരത്തെ പ്രഖ്യാപനം വന്നിരുന്നു. ഇതു പ്രകാരം  സൗദി ഓർഗനൈസേഷൻ ഓഫ് സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്സിൽ (സോക്‌പ) തൊഴിലിന് അനുയോജ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം റജിസ്റ്റർ ചെയ്യാത്തവർക്ക് പുതിയ താമസ രേഖ എടുക്കുന്നതിനോ നിലവിലുള്ളവ പുതുക്കുന്നതിനോ പ്രഫഷൻ മാറ്റുന്നതിനോ കഴിഞ്ഞിരുന്നില്ല  സ്വദേശിവത്കരണം കാര്യക്ഷമമാക്കുകയും വിദേശികളുടെ യോഗ്യത ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യമെങ്കിലും റജിസ്‌ട്രേഷന് കഴിയാതെ ഈ രംഗത്തെ നിരവധി പേരാണ് കുടുങ്ങിയത്. കൂടാതെ പ്രഫഷനൽ രംഗത്തെ  യോഗ്യത പരിശോധിക്കുന്നതിനുള്ള പരീക്ഷയും നടപ്പാക്കി തുറങ്ങിയിട്ടുണ്ട്.

Post a Comment

0 Comments