തമിഴ്നാട്ടിൽ ആശുപത്രിയിൽ വെച്ച് കൊവിഡ് രോഗി കൊല്ലപ്പെട്ട സംഭവത്തിൽ ജീവനക്കാരി അറസ്റ്റിൽ. രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു കൊവിഡ് ബാധിതയായ സുനിത (41) കൊല്ലപ്പെട്ടത്. ആശുപത്രിയിലെ കരാർ ജീവനക്കാരിയായിരുന്ന വൊട്ടിയൂർ സ്വദേശി രതിദേവിയാണ് ഇപ്പോൾ കേസിൽ അറസ്റ്റിലായിരിക്കുന്നത്. മോഷണം നടത്തുന്നതിന് വേണ്ടിയാണ് രതിദേവി സുനിതയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്ന വിവരം.
മെയ് 24നാണ് സുനിതയെ കൊവിഡ് വാർഡിൽ നിന്നും കാണാതായത്. അന്വേഷണം നടത്തിയെങ്കിലും സുനിത എവിടെയാണെന്നതിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പിന്നീട് ജൂൺ എട്ടിന് ആശുപത്രിയിലെ എമർജൻസി ബോക്സ് റൂമിൽ നിന്നും അഴുകിയ നിലയിൽ സുനിതയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ സുനിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.
മെയ് 24ന് സുനിതയെ രതിദേവി വീൽചെയറിലിരുത്തി കൊണ്ടുപോയിരുന്ന വിവരം നേരത്തെ അറിഞ്ഞിരുന്ന പൊലീസ് കൊലപാതകമാണെന്ന് തെളിഞ്ഞതോടെ വീണ്ടും ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. രണ്ടാമത് നടത്തിയ ചോദ്യം ചെയ്യലിൽ രതിദേവി കുറ്റം സമ്മതിച്ചു. സുനിതയെ കൊലപ്പെടുത്തിയ ശേഷം അവരുടെ പണവും മൊബൈൽ ഫോണും മോഷ്ടിക്കുകയായിരുന്നുവെന്നും രതിദേവി പൊലീസിനെ അറിയിച്ചു.
0 Comments