ഇന്ന് ലോകം ഫാദേഴ്സ് ഡേ ആഘോഷിക്കുകയാണ്. നിരവധി പേരാണ് ഫാദേഴ്സ് ഡേയുടെ ഭാഗമായി ആശംസകളുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്തിയത്. ഇപ്പോഴിതാ ദുൽഖർ സൽമാന്റെ ഫാദേഴ്സ് ഡേ പോസ്റ്റ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിയുടേയും തന്റെ മകൾ മറിയത്തിന്റേയും ചിത്രമാണ് ദുൽഖർ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ ചിത്രത്തിൽ മറിയത്തിന്റെ മുടി പിന്നി കെട്ടുകയാണ് മമ്മൂട്ടി. മെഗാസ്റ്റാറിന്റെ പോണി ടെയിൽ ഹെയർ സ്റ്റൈലും ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അനുസരണയോടെ, തന്റെ കുഞ്ഞിക്കസേരിയിൽ ഇരിക്കുന്ന കൊച്ചുമകളേയും ചിത്രത്തിൽ കാണാം.
അടിക്കുറിപ്പ് ആവശ്യമില്ലെന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് ദുൽഖർ പറയുന്നത്. ചിത്രം ആയിരം വാക്കുകൾ പറയുന്നുണ്ടെന്നും ദുൽഖർ പറയുന്നു. തന്റെ ഏറ്റവും വലിയ സന്തോഷമെന്നും എന്റെ വാപ്പച്ചിയും എന്റെ മകളുമെന്നും ദുൽഖർ ഹാഷ്ടാഗിലൂടെ കുറിക്കുന്നുണ്ട്. ചിത്രം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറിയിരിക്കുകയാണ്. മലയാള സിനിമയിൽ നിന്നും നിരവധി താരങ്ങളും കമന്റുമായി എത്തിയിട്ടുണ്ട്. സൗബിൻ ഷാഹിർ, സാനിയ ഇയ്യപ്പൻ, നസ്രിയ ഫഹദ്, റോഷൻ ആൻഡ്രൂസ് തുടങ്ങിയവർ കമന്റ് ചെയ്തിട്ടുണ്ട്.
0 Comments