വാക്സീൻ എടുക്കാത്ത ഗാർഹിക തൊഴിലാളികൾക്കും ഓഗസ്റ്റ് ഒന്നു മുതൽ കുവൈത്തിൽ പ്രവേശനം

LATEST UPDATES

6/recent/ticker-posts

വാക്സീൻ എടുക്കാത്ത ഗാർഹിക തൊഴിലാളികൾക്കും ഓഗസ്റ്റ് ഒന്നു മുതൽ കുവൈത്തിൽ പ്രവേശനം



കുവൈത്ത് സിറ്റി: കോവിഡ് വാക്സീൻ എടുക്കാത്ത ഗാർഹിക തൊഴിലാളികൾക്കും ഓഗസ്റ്റ് 1 മുതൽ കുവൈത്തിൽ പ്രവേശനം സാധ്യമാകും. എന്നാൽ അവർ 14 ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻ‌റീനിൽ കഴിയണമെന്ന് വ്യോമയാന ഡയറക്ടറേറ്റ് അറിയിച്ചു. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഓഗസ്റ്റ് 1 തൊട്ട് വിദേശികൾക്ക് പ്രവേശനം നൽകാൻ കുവൈത്ത് തീരുമാനിച്ചിട്ടുണ്ട്.


കോവിഡ് വാക്സീൻ സ്വീകരിച്ചവർക്കും സാധുതയുള്ള ഇഖാമയുള്ളവർക്കും മാത്രമാകും പ്രവേശനം. എന്നാൽ ഗാർഹിക തൊഴിലാളികൾക്ക് വാക്സീൻ കാര്യത്തിൽ ഇളവും നൽകിയിട്ടുണ്ട്. വാക്സീൻ കുത്തിവയ്പ് നടത്തിയിട്ടില്ലാത്ത ഗാർഹിക തൊഴിലാളികൾ കുവൈത്തിൽ എത്തിയാൽ 14 ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻ‌റീനിൽ കഴിയുന്നതിന് തൊഴിലുടമ മുൻ‌കൂട്ടി ഹോട്ടൽ ബുക്ക് ചെയ്യണം. കുവൈത്തിൽ എത്തുന്നതിന് 72 മണിക്കൂർ സമയപരിധിക്കുള്ളിൽ നടത്തിയ പിസി‌ആർ പരിശോധനയിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.


കുവൈത്ത് വിമാനത്താവളത്തിൽ എത്തിയ ഉടനെയും സ്രവ പരിശോധനയുണ്ടാകും. കോവിഡ് വാക്സീൻ എടുത്തിട്ടില്ലാത്ത ഗാർഹിക തൊഴിലാളികൾക്ക് 14 ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻ‌റീൻ നിർബന്ധമില്ലെന്ന നിലയിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് വ്യക്തമാക്കി. അതേസമയം ഓഗസ്റ്റ് 1 മുതൽ യാത്ര സാധ്യമാകുമെന്നതിൽ ആശ്വാസത്തിലാണ് നാട്ടിൽ കുടുങ്ങിക്കിടക്കുന്ന പലരും. എന്നാൽ കുവൈത്ത് അംഗീകരിച്ച വാക്സീൻ സ്വീകരിച്ചവർക്ക് മാത്രമാകും പ്രവേശനം എന്നതിനാൽ ആശയക്കുഴപ്പത്തിലായവരുമുണ്ട്.


ഫൈസർ, ആസ്ട്രസെനിക, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് കുവൈത്ത് അംഗീകരിച്ച വാക്സീനുകൾ. ഇന്ത്യയിൽ നൽകുന്നതാകട്ടെ കോവാക്സീനും കോവിഷീൽഡും. കോവിഷീൽഡും ആസ്ട്രസെനികയും ഒരേ ശ്രേണിയിൽ‌പെട്ടതാണ് എന്നതിനാൽ പ്രസ്തുത വാക്സീന് കുവൈത്ത് അംഗീകാരം നൽകുമെന്ന പ്രതീക്ഷയാണുള്ളത്. സർട്ടിഫിക്കറ്റിൽ അത് സൂചിപ്പിക്കുംവിധം വിവരങ്ങൾ ചേർക്കാൻ അധികൃതരുടെ നിർദേശവുമുണ്ട്. എന്നാൽ അതൊന്നും അറിയാതെ കോവാക്സീൻ കുത്തിവച്ച കുറേപ്പേരും ഇന്ത്യയിലുണ്ട്.അവരിൽ മലയാളികളും ഉൾപ്പെടും. കോവാക്സീൻ 2 ഡോസും കുത്തിവച്ചവരും ആദ്യ ഡോസ് സ്വീകരിച്ചവരുമുണ്ട്. തങ്ങളുടെ കാര്യം എന്താകുമെന്ന ആശങ്കയിലാണ് അവരൊക്കെ. 2 ഡോസ് കോവാക്സീൻ സ്വീകരിച്ചവർക്ക് യാത്ര സാധ്യമാക്കുന്നതിന് ഇനിയും കോവിഷീൽഡ് വാക്സീൻ സ്വീകരിക്കണ്ടതുണ്ടോ, അങ്ങനെ സ്വീകരിക്കാമോ എന്ന സന്ദേഹമാണ്. കോവാക്സീൻ ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് കോവിഷീൽഡ് ആകാമോ? അങ്ങനെയെങ്കിൽ ലഭിക്കുന്ന സർട്ടിഫിക്കറ്റിൽ എന്താകും രേഖപ്പെടുത്തുക എന്ന സംശയവും നിലനിൽക്കുന്നു.

Post a Comment

0 Comments