നിക്ഷേപതട്ടിപ്പ് : പണം നഷ്ടപ്പെട്ടവര്‍ എം സി ഖമറുദ്ദിന്റെ വീടു വളഞ്ഞു : 35 പേര്‍ക്കെതിരെ കേസ്

നിക്ഷേപതട്ടിപ്പ് : പണം നഷ്ടപ്പെട്ടവര്‍ എം സി ഖമറുദ്ദിന്റെ വീടു വളഞ്ഞു : 35 പേര്‍ക്കെതിരെ കേസ്

 




ചെറുവത്തൂര്‍ : മഞ്ചേശ്വരം മുന്‍ എം എല്‍ എയും മുസ്ലിംലീഗ് നേതാവുമായ എം സി ഖമറുദ്ദിന്റെ വീട് വളഞ്ഞ സംഭവത്തില്‍ 35 പേര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. എം സി ഖമറുദ്ദിന്റെ ഭാര്യ രംലയുടെ പരാതിയിലാണ് കേസ്. ചൊവ്വാഴ്ച ഉച്ചയോടെ എടച്ചാക്കൈയിലുള്ള എം സി ഖമറുദ്ദിന്റെ വീടാണ് വളഞ്ഞത്. ഖമറുദ്ദിന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ കുടുങ്ങിയവരാണ് വീടു വളഞ്ഞത്. തട്ടിപ്പില്‍ കുടുങ്ങി പണം നഷ്ടപ്പെട്ട ചെറുവത്തൂര്‍, പടന്ന, വലിയപറമ്പ, പിലിക്കോട് പ്രദേശങ്ങളില്‍ നിന്നും എത്തിയ 35 ഓളം പേരാണ് വീടു വളഞ്ഞത്. എന്നാല്‍ ഖമറുദ്ദിന്‍ വീട്ടില്‍ ഇല്ലെന്ന് പറഞ്ഞെങ്കിലും ആള്‍ക്കാര്‍ പോകാന്‍ തയ്യാറായില്ല. ഒടുവില്‍ ചന്തേര പോലീസെത്തി സംസാരിച്ച ശേഷമാണ് ആള്‍ക്കാര്‍ പിരിഞ്ഞുപോയത്. തുടര്‍ന്ന് ഖമറുദ്ദിനെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തന്നെ അസഭ്യം പറഞ്ഞതായും കാണിച്ച് ഭാര്യ റംല പോലീസില്‍ പരാതി നല്‍കുകയായിരുന്നു.


സംഭവത്തില്‍ എടച്ചാക്കൈയിലെ എം സി ഹംസ, എന്‍ സി ഇബ്രാഹിം, ലത്തീഫ് കാടങ്കോട് തുടങ്ങി 35 ഓളം പേര്‍ക്കെതിരെയാണ് കേസ്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിലായി എം സി ഖമറുദ്ദിന്‍, മാനേജിംഗ് ഡയരക്ടര്‍ പൂക്കോയ തങ്ങള്‍ തുടങ്ങിയവര്‍ക്കെതിരെ നൂറിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായ ഖമറുദ്ദിന്‍ മാസങ്ങളോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് പുറത്തിറങ്ങിയത്. എന്നാല്‍ പ്രതിയായ ശേഷം ഒളിവില്‍ പോയ പൂക്കോയ തങ്ങളെയും മകനെയും ഇതുവരെ കമഅടെത്തിയിട്ടില്ല. നേരത്തെ സജീവമായി നടത്തിയിരുന്ന അന്വേഷണം ഇപ്പോള്‍ നിലച്ച നിലയിലാണ്. ഇതിനിടയിലാണ് പണം നഷ്ടപ്പെട്ടവര്‍ എം സി ഖമറുദ്ദിന്റെ വീട് വളഞ്ഞത്.

Post a Comment

0 Comments