ഭാരവാഹികൾ 51 മാത്രം, സെമി കേഡർ സംവിധാനം, പൊളിറ്റിക്കല്‍ സ്‌കൂള്‍; വൻ അഴിച്ചുപണിയുമായി കെ.സുധാകരൻ

ഭാരവാഹികൾ 51 മാത്രം, സെമി കേഡർ സംവിധാനം, പൊളിറ്റിക്കല്‍ സ്‌കൂള്‍; വൻ അഴിച്ചുപണിയുമായി കെ.സുധാകരൻ

തിരുവനന്തപുരം: പാർട്ടിയിലെ ജംബോ കമ്മിറ്റി പൊളിച്ചെഴുതാൻ തീരുമാനിച്ചതായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസിന്റെ പഴയകാല ചരിത്രത്തെ അനുസ്മരിക്കുന്ന രീതിയിൽ 51 അംഗങ്ങൾ അടങ്ങിയ ഭാരവാഹി കമ്മിറ്റി മതിയെന്ന് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ധാരണയായെന്നും സുധാകരൻ വ്യക്തമാക്കി.


കെപിസിസി പ്രസിഡന്റ്, മൂന്ന് വർക്കിങ് പ്രസിഡന്റ്, മൂന്ന് വൈസ് പ്രസിഡന്റ്, 15 ജനറൽ സെക്രട്ടറി, ഒരു ട്രഷറർ എന്ന നിലയിലാകും പുതിയ കെപിസിസിയിലെ ഭാരവാഹികളെന്നും സുധാകരൻ അറിയിച്ചു. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കെപിസിസിയിൽ സ്ത്രീ, ദളിത് പ്രിതിനിധ്യം ഉറപ്പുവരുത്തും. സ്ത്രീകൾക്കും എസ്.സി/എസ്.ടി വിഭാഗത്തിലെ നേതാക്കൻമാർക്കും 10 ശതമാനം സംവരണം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ മൂന്ന് അംഗങ്ങൾ വീതമുള്ള അഞ്ച് മേഖല കമ്മിറ്റികളെ നിശ്ചയിക്കുമെന്നും സുധാകരൻ പറഞ്ഞു.


പാർട്ടിയിൽ അച്ചടക്കരാഹിത്യം ഒരുകാരണവശാലും അനുവദിക്കില്ല. അച്ചടക്കം ഉറപ്പാക്കാൻ ജില്ലാ തലത്തിൽ അച്ചടക്ക സമിതിയും സംസ്ഥാന തലത്തിൽ അപ്പീൽ അച്ചടക്ക സമിതിയും രൂപീകരിക്കാൻ തീരുമാനിച്ചതായും സുധാകരൻ വിശദീകരിച്ചു.


പാർട്ടിയുടെ താഴേത്തട്ടിലുള്ള ഘടകമായി അയൽക്കൂട്ടം കമ്മിറ്റികൾ പ്രവർത്തിക്കും. 30-50 വീടുകളെ ഉൾപ്പെടുത്തി അയൽക്കൂട്ടം കമ്മിറ്റികൾ രൂപീകരിക്കും. ഇത് പാർട്ടി സെമി കേഡർ സംവിധാനത്തിലേക്ക് മാറുന്നതിന് സഹായിക്കുമെന്നും രാഷ്ട്രീയ വിദ്യാഭ്യാസത്തിനായി കെപിസിസി പൊളിറ്റിക്കൽ സ്കൂൾ ആരംഭിക്കാൻ തീരുമാനിച്ചതായും സുധാകരൻ വ്യക്തമാക്കി.

Post a Comment

0 Comments