കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടപ്പുറം പി പി ടി എസ് എ എൽപി സ്കൂളിലെ പാവപ്പെട്ട കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് വേണ്ടി അധ്യാപകർ മൊബൈൽ ഫോൺ ചലഞ്ച് നടത്താൻ തീരുമാനിച്ചതോടെ സ്കൂളിലെ നാലാം തരം വിദ്യാർത്ഥി സുലൈമാൻ മുസ്തഫ ഫണ്ട് സ്വരൂപിക്കുന്നതിനായി വീട്ടിലുണ്ടായിരുന്ന കാന്താരി മുളക് ചെടികൾ ചെറിയ ബാഗുകളിലാക്കി കാന്താരി ചലഞ്ച് എന്ന പേരിൽ പുതിയ സംരംഭം തുടങ്ങി. വിത്ത് നടുന്നത് മുതൽ വിളവെടുപ്പ് നടത്തുന്നത് വരെയുള്ള വീഡിയോ തയ്യാറാക്കുകയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തു. ആവശ്യമുള്ള ആളുകൾക്ക് ഇഷ്ടമുള്ള തുക കൊടുത്ത് ഈ സംരംഭത്തിൽ പങ്കാളിയാകാം എന്ന സന്ദേശത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും വിദ്യാർത്ഥിയെ അഭിനന്ദിക്കുകയും സംരംഭത്തിൽ പങ്കാളിയാകുകയും ചെയ്തു വരുന്നു. ചെറുപ്രായത്തിൽ സഹപാഠികൾക്ക് വേണ്ടി വ്യത്യസ്ഥമായ കാരുണ്യപ്രവർത്തനത്തിലൂടെ മാതൃകയായ സുലൈമാൻ മുസ്തഫയെ സ്കൂൾ മാനേജ്മെന്റും അധ്യാപകരും അനുമോദിച്ചു.
പ്രവാസിയായ മുസ്തഫ അബൂബക്കറിന്റെയും സുമയ്യയുടെയും മകനാണ്. തമീം സഹോദരൻ , ഹിബ സഹോദരി.
0 Comments