മുൻ കേന്ദ്രമന്ത്രിയുടെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ; തലയിണ കൊണ്ട് മുഖത്ത് അമർത്തി ശ്വാസം മുട്ടി മരിച്ച നിലയിലാണ് മൃതദേഹം

മുൻ കേന്ദ്രമന്ത്രിയുടെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ; തലയിണ കൊണ്ട് മുഖത്ത് അമർത്തി ശ്വാസം മുട്ടി മരിച്ച നിലയിലാണ് മൃതദേഹം

 



ന്യൂഡൽഹി ∙ അന്തരിച്ച മുൻ കേന്ദ്രമന്ത്രി പി.ആർ.കുമാരമംഗലത്തിന്റെ ഭാര്യയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തെക്കൻ ഡൽഹിയിലെ വസന്ത് വിഹാറിലെ വീട്ടിൽ ചൊവ്വാഴ്ച രാത്രിയാണ് കിറ്റി കുമാരമംഗലം (67) കൊല്ലപ്പെട്ടത്. സുപ്രീം കോടതി അഭിഭാഷകയായിരുന്നു. കോൺഗ്രസ് നേതാവു കൂടിയായ ഇവരുടെ മകൻ ബെംഗളൂരുവിൽനിന്ന് ഡൽഹിക്കു പുറപ്പെട്ടിട്ടുണ്ട്. കുമാരമംഗലം ആദ്യം കോൺഗ്രസിലായിരുന്നു. പിന്നീട് ബിജെപിയിലേക്കു ചുവടുമാറി.


തലയിണ കൊണ്ട് മുഖത്ത് അമർത്തി ശ്വാസം മുട്ടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ രാജു ലഖാൻ (24) എന്നയാളെ പിടികൂടി. രണ്ടുപേർക്കായി അന്വേഷണം നടത്തുകയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.


രാത്രി ഒന്‍പതോടെ വീട്ടിലെ അലക്കുകാരനും മറ്റു രണ്ടുപേരും മോഷണത്തിനായി അതിക്രമിച്ചു കയറുകയായിരുന്നു. പരിചയക്കാരനായതിനാൽ വാതിൽ തുറന്നുകൊടുത്ത കിറ്റിയെ ഇയാളും സംഘവും ആക്രമിച്ചു. വീട്ടുജോലിക്കുനിന്നയാളെ മുറിയിൽ പൂട്ടിയിട്ടു. ഇവരുടെ അലറിക്കരച്ചിൽ കേട്ടെത്തിയ അയൽക്കാരാണ് രാത്രി പതിനൊന്നോടുകൂടി പൊലീസിനെ വിവരം അറിയിച്ചത്. വീട്ടിൽനിന്ന് പണവും ആഭരണങ്ങളും കവർന്നിട്ടുണ്ട്.


1984ലാണ് ഭർത്താവ് കുമാരമംഗലം ആദ്യമായി ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. 1991–92 കാലഘട്ടത്തിൽ പാർലമെന്ററി കാര്യ, നിയമ, നീതി, കമ്പനി കാര്യ സഹ മന്ത്രിയായിരുന്നു. 1992–93ൽ പാർലമെന്ററികാര്യ മന്ത്രിയും പിന്നീട് 1998ൽ രാജ്യത്തിന്റെ ഊർജമന്ത്രിയുമായിരുന്നു. ബിജെപിയിൽ ചേർന്നതോടെ തമിഴ്നാട്ടിൽനിന്നുള്ള ആദ്യ പാർട്ടി എംപിമാരിൽ ഒരാളായി മാറി അദ്ദേഹം.

Post a Comment

0 Comments