കണ്ണൂര്‍: അപൂര്‍വ്വ രോഗം ബാധിച്ച കണ്ണൂരിലെ ഒന്നര വയസുകാരന്‍ മുഹമ്മദിന്റെ ചികിത്സാ ഫണ്ടിലേക്ക് ലഭിച്ചത് 46.78 കോടി രൂപ. ലോകമെമ്പാടുമുള്ള 7,77,000 പേര്‍ കൈമാറിയ തുകയാണിത്. മുഹമ്മദിന്റെയും സഹോദരി അഫ്രയുടെയും ചികിത്സയ്ക്ക് ആവശ്യമായ തുക മാറ്റിവെച്ച് ബാക്കി തുക സര്‍ക്കാരുമായി ആലോചിച്ച് സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) ബാധിച്ച മറ്റു കുട്ടികളുടെ ചികിത്സയ്ക്ക് നല്‍കുമെന്നും ചികിത്സാ സമിതി വ്യക്തമാക്കി.
രണ്ടു ബാങ്കുകളിലെ അക്കൗണ്ടുകളിലൂടെയും ഓഫിസിലും വീട്ടിലും നേരിട്ടും എത്തിച്ചതടക്കമാണ് 46.78 കോടി രൂപ. ഒരു രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ഓരോരുത്തരും നല്‍കിയിട്ടുണ്ട്. മുഹമ്മദിനുള്ള മരുന്ന് ഓഗസ്റ്റ് ആറിന് അമേരിക്കയില്‍ നിന്ന് നാട്ടിലെത്തുമെന്നും കുടുംബം വ്യക്തമാക്കി. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ റഫീഖിന്റെയും മറിയുമ്മയുടെയും മകനാണ് മുഹമ്മദ്. രോഗം ബാധിച്ച് നടക്കാനാവാത്ത സ്ഥിതിയിലാണ് മുഹമ്മദ്. മുഹമ്മദിന്റെ സഹോദരി 15 വയസുകാരി അഫ്രയ്ക്ക് നേരത്തെ ഈ അസുഖം സ്ഥിരീകരിച്ചിരുന്നു. അതിനു പിന്നാലെ കുഞ്ഞനുജന്‍ മുഹമ്മദിനും രോഗം സ്ഥിരീകരിച്ചതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു കുടുംബം.
അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിനെ ചികിത്സിക്കാന്‍ സോള്‍ജെന്‍സ്മ എന്ന മരുന്നാണ് വേണ്ടത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഈ മരുന്ന് ഒരു ഡോസിന് 18 കോടി രൂപയാണ്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വാര്‍ത്തയോട് കേരളം ഒറ്റക്കെട്ടായി കൈകോര്‍ത്തു. പ്രമുഖരെല്ലാം മുഹമ്മദിന്റെ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഫെയ്‌സ്ബുക്കിലൂടേയും വാട്‌സാപ്പിലൂടേയും കുഞ്ഞു മുഹമ്മദിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കേരളത്തിന്റെ സഹായം വേണമെന്ന വാര്‍ത്ത പ്രചരിച്ചതോടെ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 18 കോടി രൂപ ലഭിച്ചിരുന്നു.
0 Comments