മലപ്പുറം: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ലൈംഗികമായി അധിക്ഷേപിച്ചു എന്ന ആരോപണം ഉന്നയിച്ച ഹരിത സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനം മരവിപ്പിച്ചു. വനിതാ പ്രവര്‍ത്തകര്‍ക്ക് നേരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന ആരോപണം നേരിടുന്ന എംഎസ്എഫ് പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് തുടങ്ങിയവരോട് രണ്ടാഴ്ചക്കകം വിശദീകരണം നല്‍കാനും മുസ്ലീംലീഗ് നേതൃത്വം നിര്‍ദേശിച്ചു.
എംഎസ്എഫ് പ്രവര്‍ത്തകരും ഹരിത ഭാരവാഹികളും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ പരിഹരിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നതിനിടെ, ഹരിത സംസ്ഥാന ഭാരവാഹികള്‍ അച്ചടക്ക ലംഘനം നടത്തിയതായി ലീഗിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പ്രശ്‌നങ്ങള്‍ അകത്തുപറഞ്ഞു തീര്‍ക്കുന്നതിന് പകരം വിവാദം പൊതുസമൂഹത്തിലേക്ക് വലിച്ചിഴച്ചത് ഗുരുതര അച്ചടക്ക ലംഘനമാണ് എന്ന് കാട്ടിയാണ് ലീഗ് നേതൃത്വം ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചത്. ലൈംഗികമായി അധിക്ഷേപിച്ചു എന്ന ആരോപണത്തില്‍ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ എംഎസ്എഫ് നേതാക്കള്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു.
പരാതി പിന്‍വലിച്ചാല്‍ നടപടിയെ കുറിച്ച് ആലോചിക്കാമെന്ന് ലീഗും നടപടിയെടുത്താല്‍ പരാതി പിന്‍വലിക്കാമെന്ന നിലപാടില്‍ ഹരിതയും ഉറച്ച് നിന്നതോടെയാണ് കമ്മിറ്റി പിരിച്ച് വിടാന്‍ ലീഗ് തീരുമാനിച്ചത്. പ്രശ്ന പരിഹാരത്തിനിടെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത് അച്ചടക്ക ലംഘനമാണെന്ന് കാട്ടി നേരത്തെ തന്നെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം രംഗത്തെത്തിയിരുന്നു.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, മുസ്ലീം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരേ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഹരിതയിലെ പത്ത് പെണ്‍കുട്ടികളായിരുന്നു വനിതാ കമ്മീഷന് പരാതി നല്‍കിയത്. ഇതാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. കോഴിക്കോട് നടന്ന എംഎസ്എഫ് യോഗത്തില്‍ 'വേശ്യയ്ക്കും അവരുടേതായ ന്യായീകരണമുണ്ടാവുമല്ലോ....പറയൂ' എന്ന തരത്തില്‍ പി കെ നവാസ് ഹരിതയിലെ പെണ്‍കുട്ടികളോട് സംസാരിച്ചതാണ് വിവാദമായത്. എന്നാല്‍ നേരത്തെ നിരവധി തവണ വിഷയത്തില്‍ ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതെന്നാണ് ഹരിത നേതാക്കള്‍ പറയുന്നത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ