കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ന്യൂറോളജിസ്റ്റ് സേവനം ലഭ്യമാക്കും- മന്ത്രി വീണാ ജോര്‍ജ്ജ്

LATEST UPDATES

6/recent/ticker-posts

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ന്യൂറോളജിസ്റ്റ് സേവനം ലഭ്യമാക്കും- മന്ത്രി വീണാ ജോര്‍ജ്ജ്

 കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജില്‍ ഒപി ഉടന്‍ ആരംഭിക്കുമെന്നും ന്യൂറോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ന്യൂറോളജിസ്റ്റ് വേണമെന്നത് കാസര്‍കോട്ടുകാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്ള ജില്ല എന്നതിനാല്‍ സര്‍ക്കാര്‍ പ്രത്യേകമായി കണ്ട് ന്യൂറോളജിസ്റ്റ് സേവനം ഉറപ്പാക്കും. മറ്റു സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ന്യൂറോളജിസ്റ്റിനെ നിയമിക്കണമെങ്കില്‍ തസ്തിക സൃഷ്ടിക്കേണ്ടതുണ്ട്. എന്നാല്‍ ഇതിനു മുന്‍പ് തന്നെ ന്യൂറോളജിസ്റ്റ് സേവനം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഇവിടെ നിയമിക്കുന്ന ആള്‍ ജോലി ചെയ്യാനെത്തുമെന്ന് ഉറപ്പാകുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.


നിലവില്‍ പണിനടക്കുന്ന ആശുപത്രിക്കെട്ടിടത്തിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കും. കാസര്‍കോട് ജില്ലയെ സംബന്ധിച്ചിടത്തോളം ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ആരംഭിക്കണമെന്ന തരത്തില്‍ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നേരത്തെ കോവിഡ് ചികിത്സ നടത്തിയ കെട്ടിടത്തിലാണ് ഒ.പി ആരംഭിക്കുന്നത്. ഡോക്ടര്‍മാരും ജീവനക്കാരുമുള്ളതിനാല്‍ ജനറല്‍ ഒ.പി എത്രയും വേഗം തുടങ്ങാന്‍ സാധിക്കും. ഇതിനൊപ്പം മെഡിക്കല്‍ കോളേജിന്റെതായ സൗകര്യങ്ങള്‍ ക്രമീകരിച്ചു കൊണ്ട് മറ്റു സംവിധാനങ്ങളിലേക്ക് കടക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.

Post a Comment

0 Comments