റേഷൻ വിതരണത്തിന്റെ ആധുനിക മാതൃക; സ്വന്തം ചെലവിൽ നവീകരിച്ച സംസ്ഥാനത്തെ തന്നെ ആദ്യ ഹൈടെക് റേഷൻ കട

റേഷൻ വിതരണത്തിന്റെ ആധുനിക മാതൃക; സ്വന്തം ചെലവിൽ നവീകരിച്ച സംസ്ഥാനത്തെ തന്നെ ആദ്യ ഹൈടെക് റേഷൻ കട

 



മലപ്പുറം ∙ സെൻസർ ഘടിപ്പിച്ച ഉപകരണത്തിൽ വിരലമർത്തിയാൽ കൃത്യം അളവ് മണ്ണെണ്ണ കുപ്പിയിലെത്താൻ സംവിധാനം, സ്റ്റോക്കുള്ള ധാന്യത്തിന്റെയും മറ്റും അളവറിയാൻ ഡിജിറ്റൽ സ്ക്രീൻ ബോർഡ്, ദേശസാൽകൃത ബാങ്കുകൾക്കു സമാനമായ ഡിജിറ്റൽ ടോക്കൺ...  കാടാമ്പുഴയിലെ 168–ാം നമ്പർ റേഷൻ കടയിലെ ആധുനിക സംവിധാനങ്ങളാണിത്.


സംസ്ഥാനത്തെ തന്നെ ആദ്യ ഹൈടെക് റേഷൻ കട പക്ഷേ ഉടമ കാടാമ്പുഴ മൂസ സ്വന്തം ചെലവിൽ നവീകരിച്ചതാണ്. റേഷൻ വിതരണത്തിന്റെ  ആധുനിക  മാതൃകയായി കണക്കാക്കാവുന്ന ഈ കട ഇന്ന് 3.30ന് മന്ത്രി ജി.ആർ.അനിൽ തുറന്നു കൊടുക്കും. ആബിദ് ഹുസൈൻ എംഎൽഎ അധ്യക്ഷത വഹിക്കും.


56 വർഷമായി റേഷൻ കട നടത്തുന്ന മൂസ കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് കൂടിയാണ്. സാധനം വാങ്ങാനെത്തുന്നവർക്ക് ഡിജിറ്റൽ ടോക്കൺ എടുത്ത ശേഷം, ചുമരിലെ പഴയ റേഷൻ വിതരണ കാലം ഓർമിപ്പിക്കുന്ന ചിത്രങ്ങൾ കണ്ട് വിശ്രമിക്കാം.


ടോക്കൺ സ്ക്രീനിൽ അക്കം തെളിയുകയും മലയാളത്തിലും ഇംഗ്ലിഷിലും വിളിച്ചു പറയുകയും ചെല്ലുമ്പോൾ സാധനങ്ങൾ വാങ്ങിക്കാൻ കൗണ്ടറിൽ ചെല്ലാം. ഡിജിറ്റൽ ബോർഡിൽ സ്റ്റോക്കും മറ്റു വിവരങ്ങളും കാണാം. വീപ്പയിൽനിന്നു മണ്ണെണ്ണ പകരാൻ പോലും സെൻസർ ഘടിപ്പിച്ച സംവിധാനമുണ്ട്. വളാഞ്ചേരിയിലെ ആർക്കിടെക്റ്റ് സ്ഥാപനമാണ് ഈ റേഷൻ കടയിലേക്ക് മാത്രമായി ചെലവു കുറഞ്ഞ രീതിയിൽ പ്രത്യേക സംവിധാനങ്ങൾ രൂപകൽപന ചെയ്തത്.

Post a Comment

0 Comments