കാസർഗോഡ് ജനറൽ ആശുപത്രിയിൽ രാത്രികാല പോസ്‌റ്റുമോർട്ടത്തിന് സൗകര്യമൊരുങ്ങുന്നു

LATEST UPDATES

6/recent/ticker-posts

കാസർഗോഡ് ജനറൽ ആശുപത്രിയിൽ രാത്രികാല പോസ്‌റ്റുമോർട്ടത്തിന് സൗകര്യമൊരുങ്ങുന്നു

 



കാസർഗോഡ്: ജനറൽ ആശുപത്രിയിൽ രാത്രികാല പോസ്‌റ്റുമോർട്ടത്തിന് സൗകര്യമൊരുങ്ങുന്നു. സംസ്‌ഥാനത്തെ 5 മെഡിക്കൽ കോളജുകളിലും (തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്) കാസർഗോഡ് ജനറൽ ആശുപത്രിയിലും രാത്രികാല പോസ്‌റ്റുമോർട്ടം ഏർപ്പെടുത്താനുള്ള 2015 ഒക്‌ടോബർ 26ലെ സർക്കാർ ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കാസർഗോഡ് ജനറൽ ആശുപത്രിയിൽ അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കി ഒരു മാസത്തിനുള്ളിൽ മെഡിക്കൽ, പാരാമെഡിക്കൽ ജീവനക്കാരെ നിയമിക്കണമെന്നാണ് ഉത്തരവ്.


ഉത്തരവ് നടപ്പിലാകുന്നതോടെ ജില്ലയിൽ രാത്രി കാല പോസ്‌റ്റുമോർട്ടമുള്ള ഏക ആശുപത്രിയാകും ഇത്. കാസർഗോഡ് ജനറൽ ആശുപത്രിയിൽ രാത്രി പോസ്‌റ്റുമോർട്ടം ആവശ്യപ്പെട്ട് എൻഎ നെല്ലിക്കുന്ന് എംഎൽഎ നിയമസഭയിൽ 2011 മുതൽ 11 തവണ സബ്‌മിഷൻ അവതരിപ്പിച്ചിരുന്നു. തുടർന്നാണ് കാസർഗോഡ് ജനറൽ ആശുപത്രിയിലും 5 മെഡിക്കൽ കോളജുകളിലും രാത്രികാല പോസ്‌റ്റുമോർട്ടം അനുവദിച്ച് 2015 ഒക്ടോബർ 26ന് സർക്കാർ ഉത്തരവ് ഇറങ്ങിയത്. സർക്കാർ ഉത്തരവ് ഇറങ്ങി 5 വർഷത്തിന് ശേഷമാണ് ഹൈക്കോടതി വിധിയിലൂടെ ഇത് നടപ്പിലാക്കുന്നതിന് വഴി തെളിഞ്ഞത്.


ജനറൽ ആശുപത്രിയി‍ൽ പ്രതിമാസം ശരാശരി 25 മൃതദേഹങ്ങൾ വരെ പോസ്‌റ്റുമോർട്ടത്തിന് എത്തുന്നുണ്ടെന്നാണ് കണക്ക്. മുങ്ങി മരണം, വാഹനാപകട മരണം തുടങ്ങിയ കേസുകളിൽ വൈകിട്ട് 4 കഴിഞ്ഞാൽ എത്തിക്കുന്ന മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി പിറ്റേന്ന് രാവിലെ 10 വരെ കാത്തുനിൽക്കണമെന്ന സ്‌ഥിതി ഇതോടെ ഒഴിയും. ആശുപത്രിയിലെ മോർച്ചറി കഴിഞ്ഞ വർഷം കൂടുതൽ ലൈറ്റ് സൗകര്യം ഉൾപ്പടെ ഏർപ്പെടുത്തി നവീകരിച്ചതാണ്. ഇനി കുറച്ചു കൂടി ക്രമീകരണം ഏർപ്പെടുത്തി ആവശ്യമായ ഡോക്‌ടറേയും പാരാമെഡിക്കൽ ജീവനക്കാരെയും നിയമിച്ചാൽ മതി.

Post a Comment

0 Comments