കാഞ്ഞങ്ങാട്: മലയോരമേഖലകളില്‍ വന്‍തോതില്‍ നിരോധിത പാന്‍ ഉത്പന്നങ്ങള്‍ വില്‍പന നടത്തുന്ന പിതാവും മകനും അറസ്റ്റില്‍. കാങ്കോല്‍ സ്വദേശി മുസ്തഫ(58), മകന്‍ ഫൈറൂസ് (27)എന്നിവരെയാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റുചെയ്തത്. മുസ്തഫയെ ഇന്ന് രാവിലെ വെള്ളരിക്കുണ്ടില്‍ വെച്ച് എസ്‌ഐ എം.പി.വിജയകുമാറും സംഘവും ഫൈറൂസിനെ ചീമേനി ടൗണില്‍ എസ്‌ഐ എം.പി.രമേശനും സംഘവുമാണ് അറസ്റ്റുചെയ്തത്. മുസ്തഫ ലഹരിവസ്തുക്കള്‍ കടത്തിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കെഎല്‍ 18 യു 9780 നമ്പര്‍ എയ്‌സ് വണ്ടിയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരില്‍ നിന്നും 310 പാക്കറ്റ് ഹാന്‍സ്, കൂള്‍ ലിപ്പ് തുടങ്ങിയ ലഹരിവസ്തുക്കള്‍ പിടികൂടി. മലയോരമേഖലകളില്‍ വ്യാപകമായി ലഹരി വസ്തുക്കള്‍ വിതരണം നടത്തുന്ന മൊത്തവില്‍പനക്കാരനാണ് പിടിയിലായ മുസ്തഫ. മലയോരത്ത് ലഹരിവസ്തുക്കള്‍ എത്തിക്കുന്നത് മുസ്തഫയാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പു തന്നെ വെള്ളരിക്കുണ്ട് പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ക്കായി വലവിരിച്ച് കാത്തിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ എയ്‌സ് വണ്ടിയില്‍ ബിസ്‌കറ്റ് പാക്കറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച്‌വെച്ച് പാന്‍മസാലകള്‍ വിതരണം ചെയ്യാന്‍ കൊണ്ടുപോകുമ്പോഴാണ് മുസ്തഫയെ പിടികൂടിയത്. പലയിടങ്ങളിലായി വിതരണം ചെയ്ത് തിരിച്ചുവരുന്നതിനിടയിലാണ് മുസ്തഫ പിടിയിലായത്. അതൊകൊണ്ടുതന്നെ ഇയാളില്‍ നിന്നും 190 പാക്കറ്റ് പാന്‍മസാലകളാണ് പിടികൂടാന്‍ കഴിഞ്ഞത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മകന്‍ ഫൈറൂസും പാന്‍മസാല വില്‍പന നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് വെള്ളരിക്കുണ്ട് പോലീസ് ചീമേനി പോലീസിന് വിവരം കൈമാറുകയായിരുന്നു. അപ്പോള്‍ തന്നെ ചീമേനിഎസ്‌ഐ രമേശനും സംഘവും ഫൈറൂസ് ചീമേനിയില്‍ പുതുതായി തുറക്കാനിരിക്കുന്ന കടയില്‍ റെയ്ഡ് നടത്തിയപ്പോഴാണ് 120 ഓളം പാന്‍മസാലകൂടി പിടിച്ചെടുത്തത്. ഇരുവരേയും കൂടുതല്‍ ചോദ്യം ചെയ്ത് എവിടെയൊക്കെ പാന്‍മസാല വിതരണം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അറസ്റ്റിലായ ഇരുവരേയും ഇന്നലെ ഉച്ചകഴിഞ്ഞ് ഹൊസ്ദുര്‍ഗ് ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. മലയോരത്ത് കഞ്ചാവും മയക്കു മരുന്നുകളും വന്‍തോതില്‍ എത്തുന്നതായാണ് സൂചന. പോലീസ് കര്‍ശനമായി പരിശോധന നടത്തുന്നതോടെ ഇനിയും പലരും കുടുങ്ങുമെന്നാണ് പ്രതീക്ഷ.
0 Comments