വിദ്യാർഥിനികൾക്ക് അശ്‌ളീല സന്ദേശം; കോളേജ് അധ്യാപകന് എതിരെ നടപടിക്ക് സർക്കാർ

LATEST UPDATES

6/recent/ticker-posts

വിദ്യാർഥിനികൾക്ക് അശ്‌ളീല സന്ദേശം; കോളേജ് അധ്യാപകന് എതിരെ നടപടിക്ക് സർക്കാർ

 തിരുവനന്തപുരം: വിദ്യാര്‍ഥിനികള്‍ക്ക് മോശമായ വാട്‍സ്ആപ്പ് സന്ദേശങ്ങള്‍ അയച്ച തിരുവനന്തപുരം ചെമ്പഴന്തി എസ്എൻ കോളജിലെ അധ്യാപകനെതിരെ നടപടിക്കൊരുങ്ങി സർക്കാർ. അധ്യാപകനെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. അധ്യാപകന്റെ ഭാഗത്തു നിന്ന് ഗുരുതര പിഴവുകളുണ്ടായി എന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്‌ടർ സര്‍ക്കാരിന് റിപ്പോർട് നല്‍കിയിരുന്നു. കൂടാതെ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് വിവരം ധരിപ്പിക്കുകയും ചെയ്‌തിരുന്നു.


അധ്യാപകന് എതിരെ നിയമം അനുശാസിക്കുന്ന ശിക്ഷണ നടപടികള്‍ സ്വീകരിക്കാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ചെമ്പഴന്തി എസ്എന്‍ കോളേജിലെ പൊളിറ്റിക്‌സ് വിഭാഗം അധ്യാപകനായ ടി അഭിലാഷിന് എതിരെയാണ് വിദ്യാര്‍ഥിനികളുടെ പരാതി. മോശമായ വാട്‍സ്ആപ്പ് സന്ദേശങ്ങൾ അയക്കുകയും അനാവശ്യമായി സംസാരിക്കുകയും ചെയ്‌തു എന്നായിരുന്നു പരാതി.


ഇതില്‍ കോളേജ് തലത്തില്‍ വേണ്ട അന്വേഷണമോ പരിഹാരമോ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് വിഷയം സംസ്‌ഥാന സര്‍ക്കാരിന്റെ മുന്നിലെത്തിയത്. തുടർന്ന് വിഷയത്തെ കുറിച്ച് അന്വേഷിച്ച കോളേജ് വിദ്യാഭ്യാസ ഡയറക്‌ടർ, അധ്യാപകന്റെ ഭാഗത്തു നിന്നും കോളേജ് അധികൃതരുടെ ഭാഗത്തു നിന്നും ഗുരുതര വീഴചയുണ്ടായി എന്ന് സര്‍ക്കാരിന് കഴിഞ്ഞ ദിവസം റിപ്പോർട് നല്‍കി.


അധ്യാപകന്റെ പദവിക്കു നിരക്കാത്ത പ്രവർത്തികളാണ് ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. പലതവണ വിലക്കിയിട്ടും വിദ്യാര്‍ഥിനികളെ ആവര്‍ത്തിച്ച് വീഡിയോ കോളില്‍ വിളിച്ചു. അറിയാതെ കൈതട്ടി കോള്‍ പോയതാണെന്ന അധ്യാപകന്റെ വിശദീകരണം സ്വീകരിക്കാനാവില്ലെന്നാണ് റിപ്പോർട് വ്യക്‌തമാക്കുന്നത്‌. ഈ അധ്യാപകനെ കോളേജിൽ നിലനി‍ർത്തിക്കൊണ്ട് പരാതിക്കാരായ വിദ്യാർഥിനികളുമായി ഇടപഴകാൻ സാഹചര്യം ഉണ്ടാക്കിയ കോളേജ് അധികൃതരും കുറ്റക്കാരാണ്.


ഹിസ്‌റ്ററി വിഭാഗം മേധാവി ഡോ. സരിത, കായികാധ്യാപകൻ അംജിത് എന്നിവര്‍ സംഭവത്തില്‍ നടത്തിയ ഇടപെടലുകളും ശരിയായില്ല എന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. പരാതിക്കാരായ വിദ്യാർഥിനികൾക്ക് എതിരെ നടപടി സ്വീകരിച്ചതും സ്വഭാവ സർട്ടിഫിക്കറ്റില്‍ തൃപ്‌തികരമെന്നു മാത്രം രേഖപ്പെടുത്തിയതും കോളേജ് പ്രിന്‍സിപ്പലിന്റെ ഭാഗത്തെ വീഴ്‌ചയാണെന്നും കോളേജ് വിദ്യാഭ്യാസ ഡയറക്‌ടർ പറഞ്ഞു.

Post a Comment

0 Comments