നീലേശ്വരത്ത് പുതിയ സിവിൽ സ്‌റ്റേഷൻ ആവശ്യമില്ലെന്ന് റവന്യൂ വകുപ്പ്

നീലേശ്വരത്ത് പുതിയ സിവിൽ സ്‌റ്റേഷൻ ആവശ്യമില്ലെന്ന് റവന്യൂ വകുപ്പ്



കാസർകോട് ജില്ലയിലെ നീലേശ്വരം നഗരത്തിൽ അഞ്ചു കോടി രൂപ ചെലവിൽ നിർമിക്കുമെന്ന് പ്രഖ്യാപിച്ച മിനി സിവിൽ സ്‌റ്റേഷന് റവന്യൂ വകുപ്പിന്റെ വിലങ്ങ്. കാഞ്ഞങ്ങാട് മിനി സിവിൽ സ്‌റ്റേഷൻ നിലവിലുള്ളപ്പോൾ നീലേശ്വരത്ത് പുതിയ സിവിൽ സ്‌റ്റേഷൻ ആവശ്യമില്ലെന്നാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥരുടെ വിചിത്രമായ കണ്ടെത്തൽ.


ജില്ലാ കലക്‌ടറുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം കലക്‌ടറേറ്റിൽ ചേർന്ന റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥരുടെ യോഗത്തിൽ കാഞ്ഞങ്ങാട് താലൂക്ക് ഓഫീസിലെ ഉദ്യോഗസ്‌ഥർ ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകി.


നീലേശ്വരം ആസ്‌ഥാനമായി താലൂക്ക് രൂപീകരിക്കാനുള്ള ആവശ്യം ശക്‌തമാകുമ്പോഴാണ് റവന്യൂ ഉദ്യോഗസ്‌ഥർ സിവിൽ സ്‌റ്റേഷൻ തന്നെ വേണ്ടെന്ന റിപ്പോർട്ട് നൽകിയത്. ഇത് ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്‌തമാക്കിയിട്ടുണ്ട്. ഇടത് പക്ഷ സർക്കാർ 2020–21 ബജറ്റിലാണ് അഞ്ചു കോടി രൂപ ചെലവിൽ നീലേശ്വരത്ത് മിനി സിവിൽ സ്‌റ്റേഷൻ നിർമിക്കുമെന്ന് പ്രഖ്യാപിച്ചത്.


നഗരത്തിൽ നിലവിലെ വില്ലേജ് ഓഫീസ് സ്‌ഥിതിചെയ്യുന്ന സ്‌ഥലത്താണ്‌ മിനി സിവിൽ സ്‌റ്റേഷൻ നിർമിക്കുവാൻ സ്‌ഥലം കണ്ടെത്തിയത്. വില്ലേജ് ഓഫീസ് പൊളിച്ചു അഞ്ചു നിലയിലുള്ള സിവിൽ സ്‌റ്റേഷൻ നിർമിക്കുവാൻ പദ്ധതിയും തയ്യാറാക്കിയിരുന്നു. നിർദിഷ്‌ട സ്‌ഥലം അന്നത്തെ ജില്ലാകലക്‌ടർ ഡി സജിത്ത് ബാബു ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്‌ഥരും പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം അസി. എൻജിനീയർ സി ബിജു, ഓവർസീയർ വിക്‌ടോറിയ, ഇൻവെസ്‌റ്റിഗേഷൻ അസിസ്‌റ്റന്റ് എൻജിനീയർ ബാബു ചീക്കോത്ത്, ജിതേഷ് ബാബു, പികെജിംന എന്നിവരും സ്‌ഥലം സന്ദർശിച്ചു അനുയോജ്യമാണെന്ന് ഉറപ്പാക്കിയിരുന്നു.


നിർമാണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്‌തമാകുന്നതിനിടയിലാണ് താലൂക്ക് ഓഫീസിലെ ഉദ്യോഗസ്‌ഥർ വിലങ്ങ്തടിയുമായി രംഗത്ത് വന്നത്. നീലേശ്വരം നഗരത്തിൽ സ്‌ഥിതിചെയ്യുന്ന സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിലാക്കുവാൻ സിവിൽ സ്‌റ്റേഷൻ നിര്മിക്കണമെന്നാവശ്യം ശക്‌തമായപ്പോൾ എം രാജഗോപാൽ എംഎൽഎ യുടെ പ്രത്യേക താൽപര്യപ്രകാരമാണ് ഇടത് സർക്കാർ നീലേശ്വരത്ത് മിനി സിവിൽ സ്‌റ്റേഷൻ അനുവദിച്ചത്.


കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഏഴോളം സർക്കാർ ഓഫീസുകളാണ് ആവശ്യത്തിന് കെട്ടിട സൗകര്യമില്ലാത്ത കാരണം ചൂണ്ടിക്കാട്ടി നീലേശ്വരത്ത് നിന്നും മറ്റു സ്‌ഥലങ്ങളിലേക്ക് പോയത്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്ന കരുവാച്ചേരിയിലെ പൊതുമരാമത്ത് വകുപ്പ് ഓഫീസും, കുടുംബശ്രീ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വെക്റ്റർ കൺട്രോൾ ഓഫീസും പുതിയ കെട്ടിടം കണ്ടെത്താൻ പ്രയാസപ്പെടുകയാണ്.


നീലേശ്വരത്തെ രാഷ്‌ട്രീയ നേതാക്കൾക്ക് ഇഛാശക്‌തിയില്ലാത്ത കാരണമാണ് ഉദ്യോഗസ്‌ഥർ വികസനത്തിന് പാരവെക്കുന്നതെന്ന് പ്രതിഷേധ നിരയിലുള്ള പൊതുജനം ചൂണ്ടികാണിക്കുന്നു. അടുത്ത ബജറ്റിൽ നീലേശ്വരം ആസ്‌ഥാനമായി താലൂക്ക് അനുവദിക്കുമെന്ന വിശ്വാസത്തിനിടയിലാണ് നീലേശ്വരംകാരുടെ പ്രതീക്ഷകൾക്ക് ഉദ്യോഗസ്‌ഥരുടെ വിലങ്ങ് വീണത്.

Post a Comment

0 Comments