കാഞ്ഞങ്ങാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം പുഴക്ക് നിര്‍മ്മിക്കുന്ന പുതിയ പാലത്തിന്റെ പണി പുരോഗമിക്കുന്നു. നളന്ദ റിസോര്‍ട്ടിനോട് ചേര്‍ന്നാണ് പാലം നിര്‍മ്മിക്കുന്നത്. ഇതിന്റെ ഭാഗമായി പൈലിംഗ് പ്രവര്‍ത്തി പൂര്‍ത്തിയാകുന്നു. ഒരുഭാഗത്ത് തൂണിന്റെ നിര്‍മ്മാണവും തുടങ്ങി. കാലപ്പഴക്കത്തെ തുടര്‍ന്ന് നിലവിലെ പാലം അപകടാവസ്ഥയിലായതോടെയാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതിയ പാലം നിര്‍മ്മിക്കുന്നത്. ഇതോടെ ഒട്ടേറെ ഓര്‍മ്മകള്‍ ബാക്കിയാക്കി പഴയ പാലം വിസ്മൃതിയിലാകും.
1950 കളില്‍ കാഞ്ഞങ്ങാട് നിന്നുള്ള അശോക ബസ് വന്നാല്‍ രണ്ട് ചീനകള്‍ ചേര്‍ത്ത് കെട്ടിയ ചങ്ങാടത്തിലാണ് ബസിനെ മറുകരയെത്തിക്കുക. ഇവിടെ കടവ് ലേലത്തില്‍ നല്‍കുകയാണ് ചെയ്തിരുന്നത്. കടവ് ലേലത്തില്‍ പിടിക്കാന്‍ വലിയ മത്സരം തന്നെ അന്ന് നടക്കുമായിരുന്നു. പയ്യന്നൂര്‍ ഭാഗത്തേക്കുള്ള സാധനങ്ങള്‍ പുഴയിലൂടെ തോണിയില്‍ കൊണ്ടുപോകുമ്പോള്‍ മലയോരത്തേക്ക് കാളവണ്ടിയെയായിരുന്നു ആശ്രയിച്ചിരുന്നത്. ഇവിടെനിന്നുള്ള സാധനങ്ങള്‍ മലയോരത്തേക്ക് കൊണ്ടുപോകുന്ന കാളവണ്ടി പിറ്റേന്നാള്‍ തിരിച്ചുവരുമ്പോള്‍ മലയോരത്തുനിന്നുള്ള കാര്‍ഷികവിളകള്‍ ഉള്‍പ്പെടെ ഇങ്ങോട്ടേക്ക് കൊണ്ടുവരും. ഇവ നീലേശ്വരം പുഴ കടത്തിവേണം പുതിയകോട്ടയിലെ ചന്തയിലെത്തിക്കാന്‍. ലോഡുകണക്കിന് നേന്ത്രവാഴകളും മറ്റും മംഗലാപുരത്തേക്ക് കൊണ്ടുപോകലും ഈപുഴകടത്തിയാണ്.
നീലേശ്വരം, ചെറുവത്തൂര്‍ ഭാഗത്തുനിന്നുള്ള കച്ചവടക്കാര്‍ ഉള്‍പ്പെടെ പുതിയകോട്ട അങ്ങാടിയിലെത്തി ഒരാഴ്ചത്തേക്കുള്ള സാധനങ്ങളുമായാണ് മടങ്ങുക. പുഴകടന്നുള്ള ഈ കൊടുക്കല്‍ വാങ്ങലിന് അറുതിയുണ്ടായത് 1956 ല്‍ ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച പാലം വന്നതോടെയാണ്. ഇതോടെ കാഞ്ഞങ്ങാട്ടേക്ക് ആളുകള്‍ വാഹനങ്ങളില്‍ പോകാന്‍ തുടങ്ങി. 1958ല്‍ നിര്‍മ്മാണം പൂര്‍ത്തിയായ പാലം അന്നത്തെ പൊതുമരാമത്ത് മന്ത്രി ടി.എ.മജീദാണ് ഉദ്ഘാടനം ചെയ്തത്. മദ്രാസില്‍നിന്നും ആന്ധ്രയില്‍നിന്നുമുള്ള ജോലിക്കാരാണ് പാലം പണിക്കായി എത്തിയിരുന്നത്. ഇവര്‍ക്കുവേണ്ടി ഇന്ന് നളന്ദ റിസോര്‍ട്ട് സ്ഥിതിചെയ്യുന്ന സ്ഥലത്തിന് സമീപം ഒരുചായക്കടയും തുടങ്ങിയിരുന്നു. അന്ന് നിര്‍മ്മിച്ച പാലമാണ് പുതിയപാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ ഓര്‍മ്മയായി മാറാന്‍ പോകുന്നത്.
0 Comments