കാസർകോട്: ബി.എസ് 4, ബി.എസ് 6 വിഭാഗത്തിൽപെട്ട പെട്രോൾ വാഹനങ്ങളുടെ പുക പരിശോധനക്ക് ജില്ലയിൽ മതിയായ സൗകര്യങ്ങളില്ലെന്ന് പരാതി. ഇത് വാഹന ഉടമകളെ ദുരിതത്തിലാക്കുന്നു.
2020 ഏപ്രിൽ ഒന്ന് മുതലുള്ള ബി.എസ് 6 പെട്രോൾ വാഹനങ്ങളിലെ പുക പരിശോധനക്ക് ലാംബ്ഡ എടുക്കണം എന്നാണ് നിയമം. ഇതിനുള്ള പരിശോധനകേന്ദ്രം ഇല്ലാത്തതിനാൽ പൊലീസ് പരിശോധനയിൽ പുക സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ പിഴ അടക്കേണ്ട അവസ്ഥയിലാണ് ഉടമകൾ.
ലാംബ്ഡ വാതക പരിശോധന കൂടി നടത്തിയാലേ ഇത്തരം വാഹനങ്ങൾക്ക് പരിവാഹൻ സൈറ്റിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിൽ മാത്രമാണ് ഇത്തരം സൗകര്യമുള്ളൂ.
മറ്റ് കേന്ദ്രങ്ങളിൽ ആവശ്യമായ യന്ത്രങ്ങൾ ലഭിച്ചാൽ മാത്രമെ പ്രവർത്തനം ആരംഭിക്കാൻ സാധിക്കുകയുള്ളൂ. ഇതിന് കാലതാമസം എടുക്കുകയാണ്. പരിവാഹൻ സോഫ്റ്റ് വെയറും പുക പരിശോധന കേന്ദ്രങ്ങളും തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ളതിനാൽ സർട്ടിഫിക്കറ്റ് ഓൺലൈനായാണ് ലഭിക്കുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് ബി.എസ് 6 പെട്രോൾ വാഹനങ്ങൾക്ക് ലാംബ്ഡയോടുകൂടി പുക പരിശോധന നിർബന്ധമാക്കിയത്. 2020 ജനുവരി നാലു മുതലാണ് ബി.എസ് 6 വാഹനങ്ങൾ രജിസ്റ്റർ ചെയ്തുതുടങ്ങിയത്. ഏറ്റവും കുറഞ്ഞ തോതിലാണ് ഇവയിൽനിന്നുള്ള അന്തരീക്ഷ മലിനീകരണം.
കാഞ്ഞങ്ങാട് മാണിക്കോത്ത് ഓഡിറ്റോറിയത്തിനടുത്തുള്ള പുക പരിശോധനാ കേന്ദ്രത്തിൽ ഈ സസൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9037 4747 87 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
0 Comments