ഷെയ്ൻ വോണിന്റെ മൃതദേഹം വഹിക്കുന്ന ആംബുലൻസിൽ ‘അജ്ഞാത’യായ ജർമൻ യുവതി; തായ്‌ലൻഡ് പൊലീസ് അന്വേഷണം നടത്തുന്നു

LATEST UPDATES

6/recent/ticker-posts

ഷെയ്ൻ വോണിന്റെ മൃതദേഹം വഹിക്കുന്ന ആംബുലൻസിൽ ‘അജ്ഞാത’യായ ജർമൻ യുവതി; തായ്‌ലൻഡ് പൊലീസ് അന്വേഷണം നടത്തുന്നു




ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ മൃതദേഹം വഹിക്കുന്ന ആംബുലൻസിൽ ‘അജ്ഞാത’യായ ജർമൻ യുവതി ദുരൂഹമായി പ്രവേശിച്ചതിനെക്കുറിച്ച് തായ്‌ലൻഡ് പൊലീസ് അന്വേഷണം നടത്തുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജർമൻ യുവതിയെ തായ്‌ലൻഡ് പൊലീസ് ചോദ്യം ചെയ്തു. വോണിന്റെ മൃതദേഹം കൊ സമുയി ദ്വീപിലെ ആശുപത്രിയിൽ നിന്നും സുറത് തനി നഗരത്തിലേക്കു കൊണ്ടുപോകുമ്പോഴാണ് ഈ ജർമൻ‌ യുവതി ആംബുലൻസിൽ പ്രവേശിച്ചത്. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടെന്നാണ് ആക്ഷേപം.


വോണിന്റെ മൃതദേഹം വഹിക്കുന്ന ആംബുലൻസ് ബോട്ടിൽ കയറ്റുന്നതിനായി നിർത്തിയിട്ടപ്പോഴായിരുന്നു സംഭവമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൂക്കളുമായി ഒരു തായ്‌ലൻഡ് യുവതിക്കൊപ്പമാണ് ജർമൻ യുവതി ആംബുലൻസിനരികെ എത്തിയത്. ആംബുലൻസിന് അടുത്തുണ്ടായിരുന്ന ഉദ്യോഗസ്ഥനുമായും ആംബുലൻസ് ഡ്രൈവറുമായും ഈ യുവതി സംസാരിക്കുന്നതിന്റെ വിഡിയോ പുറത്തായി. തുടർന്ന് ഇരുവരും ആംബുലൻസിനു പിന്നിലെത്തി ജർമൻ യുവതി മാത്രം ഉള്ളിൽ കടന്ന് വാതിൽ അടയ്ക്കുകയായിരുന്നു.ഇവർ ഏതാണ്ട് 40 സെക്കൻഡോളം സമയം ആംബുലൻസിനുള്ളിലുണ്ടായിരുന്നു. ഷെയ്ൻ വോണിന്റെ മൃതദേഹം കൊണ്ടുപോകുന്നതിൽ സുരക്ഷാ വീഴ്ച സംഭവിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തായ്‌ലൻഡ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. അതേസമയം, ഷെയ്ൻ വോണിന്റെ സുഹൃത്താണെന്ന് അവകാശപ്പെട്ടാണ് യുവതി ആംബുലൻസിന് അരികെ എത്തിയതെന്നും പറയുന്നു. ‌വോണിന്റെ മൃതദേഹം മാറ്റുന്ന സമയത്ത് തായ്‌ലൻഡ്, ഓസ്ട്രേലിയൻ അധികൃതർ എന്തുകൊണ്ട് സ്ഥലത്തെത്തിയില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.


അതേസമയം, വോണിന്റേത് ‘സ്വാഭാവിക മരണ’മെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. തായ്‌ലൻഡ് പൊലീസിനെ ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.


വോണിന്റെ മൃതദേഹം ഓസ്ട്രേലിയയിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതിനു ശേഷമേ സംസ്കാര തീയതി തീരുമാനിക്കൂ. 


വോണിനു ദേശീയ ബഹുമതികളോടെയുള്ള സംസ്കാരം നൽകുന്ന കാര്യം അദ്ദേഹത്തിന്റെ കുടുംബവുമായി സംസാരിച്ച് ധാരണയിലെത്തിയതായി വിക്ടോറിയ സംസ്ഥാനത്തു നിന്നുള്ള ഓസ്ട്രേലിയൻ പാർലമെന്റ് അംഗം ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിനു പുറത്തുള്ള വോണിന്റെ പ്രതിമയിൽ ഇന്നലെയും ഒട്ടേറെ ആരാധകർ ആദരാ‍ഞ്ജലി അർപ്പിച്ചു.

Post a Comment

0 Comments