മുനവറലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ടായേക്കും

LATEST UPDATES

6/recent/ticker-posts

മുനവറലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ടായേക്കും

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ആയി തെരഞ്ഞെടുത്തതിനെ തുടര്‍ന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ടായേക്കും. മലപ്പുറം ജില്ലാ പ്രസിഡണ്ടിന്റെ പദവി വഹിച്ചിരുന്ന സാദിഖലി ശിഹാബ് തങ്ങള്‍ പുതിയ പദവി ഏറ്റെടുക്കുന്നതിനെ തുടര്‍ന്നാണ് നിലവില്‍ യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷനായ മുനവറലി ശിഹാബ് തങ്ങളുടെ പേര് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയര്‍ന്നത്.


സംസ്ഥാന പ്രസിഡണ്ടായിരുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ വിടവാങ്ങിയ സാഹചര്യത്തിലാണ് സാദിഖലി ശിഹാബ് തങ്ങളെ പുതിയ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് പുതിയ സംസ്ഥാന പ്രസിഡണ്ടിനെ തീരുമാനിച്ചത്. ഏകകണ്ഠമായി എടുത്ത തീരുമാനമാണെന്ന് അഖിലേന്ത്യാ പ്രസിഡണ്ട് അറിയിച്ചു. നിലവില്‍ ജില്ലാ പ്രസിഡണ്ടും ഉന്നതാധികാര സമിതി അംഗവുമാണ് സാദിഖലി ശിഹാബ് തങ്ങള്‍. ഹൈദരലി തങ്ങള്‍ അസുഖ ബാധിതനായപ്പോള്‍ സാദിഖലി തങ്ങള്‍ക്കായിരുന്നു താല്‍ക്കാലിക ചുമതല. രാഷ്ട്രീയകാര്യ സമിതി ചെയര്‍മാനായും സാദിഖലി തങ്ങളെ ചുമതലപ്പെടുത്തി.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായിരുന്ന ഹൈദരലി തങ്ങള്‍ അര്‍ബുദ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

പാണക്കാട് ജുമാ മസ്ജിദില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം നടന്നത്. പുലര്‍ച്ചെ രണ്ടരയോടെയാണ് ഖബറടക്കം പൂര്‍ത്തിയായത്. പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഇന്ന് രാവിലെ 9 മണിക്ക് നടത്താനിരുന്ന ഖബറടക്കം പുലര്‍ച്ചെ നടത്തിയത്. തിരക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ മലപ്പുറം ടൗണ്‍ഹാളിലെ പൊതുദര്‍ശനം നേരത്തെ അവസാനിപ്പിച്ചിരുന്നു.


Post a Comment

0 Comments