മുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ ജ്വല്ലറിയില്‍ നിന്ന് പണം കവര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി

LATEST UPDATES

6/recent/ticker-posts

മുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ ജ്വല്ലറിയില്‍ നിന്ന് പണം കവര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി


തിരുവനന്തപുരം നെയ്യാറ്റിന്‍ കരയിലെ ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസം സ്‌കൂള്‍ യൂണിഫോമിലെത്തി പണം കവര്‍ന്നയാളെ കണ്ടെത്തി. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ജ്വല്ലറിയില്‍ നിന്ന് 25,000 രൂപ കവര്‍ന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിദ്യാര്‍ത്ഥിനിയെ പിടികൂടിയത്.


തീരദേശത്തെ ഒരു സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം യൂണിഫോം ധരിച്ചായിരുന്നു മോഷണം നടത്തിയത്. കോളജ് വിദ്യാര്‍ത്ഥിയായിരിക്കും മോഷണം നടത്തിയിട്ടുണ്ടാകുക എന്നായിരുന്നു നിഗമനം. എന്നാല്‍ യൂണീഫോം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആണെന്ന് കണ്ടെത്തിയത്. അടുത്തുണ്ടായിരുന്ന ബ്യൂട്ടി പാര്‍ലറില്‍ നിന്നും മൊബൈല്‍ ഷോപ്പുകളില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചു.


സ്‌കൂളില്‍ ആയിരുന്ന പെണ്‍കുട്ടി പല്ലുവേദനയാണെന്ന് പറഞ്ഞ് പുറത്തിറങ്ങുകയായിരുന്നു. പിന്നീട് നെയ്യാറ്റിന്‍കരയിലെ ഒരു ബ്യൂട്ടിപാര്‍ലറില്‍ മുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ എത്തുകയായിരുന്നു. ബ്യൂട്ടീഷന്‍ ആവശ്യപ്പെട്ട പണം കൈവശം ഇല്ലാതിരുന്നതിനാല്‍ പെണ്‍കുട്ടി അടുത്തുള്ള മൊബൈല്‍ കടകളില്‍ ചെന്ന് 1000 രൂപ കടമായി ആവശ്യപ്പെട്ടു. അവിടെ നിന്ന് ഒന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ജ്വല്ലറിയില്‍ എത്തി പണം കവരുകയും ശേഷം മുടി സ്‌ട്രെയ്റ്റ് ചെയ്യുകയുമായിരുന്നു.


പെണ്‍കുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന പൊലീസ് പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. പണം തിരികെ നല്‍കാമെന്ന് രക്ഷിതാക്കള്‍ പറഞ്ഞതിനെ തുടര്‍ന്ന് ജ്വല്ലറി ഉടമയും സംഭവത്തില്‍ പരാതി നല്‍കിയില്ല. പട്ടാപ്പകല്‍ നടന്ന കവര്‍ച്ച വ്യാപാരികളെ ഞെട്ടിച്ചിരുന്നു. മോഷണം നടത്തിയ ആളെ കണ്ടെത്തിയതോടെയാണ് വ്യാപാരികള്‍ക്ക് ആശ്വാസമായത്.

Post a Comment

0 Comments