ഐഎസ്എല്‍ രണ്ടാംപാദ സെമിയില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

LATEST UPDATES

6/recent/ticker-posts

ഐഎസ്എല്‍ രണ്ടാംപാദ സെമിയില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

 



ഐഎസ്എല്‍ മൂന്നാം ഫൈനല്‍ എന്ന സ്വപ്‌നത്തിലേക്ക് പന്തടിച്ചുകയറ്റാന്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദ സെമിയില്‍ കളത്തിലിറങ്ങും. സെമിയുടെ ആദ്യ പാദത്തില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് നേടിയ ഗോളില്‍ ജംഷഡ്പൂരിനെ തോല്‍പിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തിലും മുന്നേറ്റം നേടാനായാണ് എത്തുന്നത്. ഇന്ന് നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ സമനില കണ്ടെത്തിയാല്‍ പോലും ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ ഫൈനലില്‍ പ്രവേശിക്കും.

സീസണ്‍ മുഴുവന്‍ മികച്ച പ്രകടനം കാഴ്ചവെച്ച മുന്നേറ്റ നിരയിലാണ് ടീമിന്റെ വിശ്വാസവും പ്രതീക്ഷയും. ടീമിന്റെ ക്യാപ്റ്റനും മുന്നേറ്റത്തിന്റെ ചുക്കാന്‍ പിടിക്കുന്ന അഡ്രിയാന്‍ ലൂണ തന്നെയാകും രണ്ടാം പാദത്തിലും ടീമിന്റെ കളി മെനയുക. ആദ്യ പാദത്തില്‍ നിര്‍ണായക ഗോള്‍ കണ്ടെത്തിയ സഹലിലും ടീം കടുത്ത പ്രതീക്ഷയാണ് വെച്ചിരിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഫോം കണ്ടെത്താന്‍ കഴിയാതിരുന്ന അല്‍വാരോ വാസ്‌ക്വസ് കൂടി രണ്ടാം പാദത്തില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയാല്‍ ഈ മാസം 20ന് നടക്കുന്ന ഐഎസ്എല്‍ കലാശപ്പോരിന് ബ്ലാസ്‌റ്റേഴ്‌സ് വണ്ടികയറും.

ലെസ്‌കോവിച്ചും ഹോര്‍മിപാമും നയിക്കുന്ന പ്രതിരോധ നിര രണ്ടാം പാദത്തിലും ജംഷഡ്പൂര്‍ മുന്നേറ്റങ്ങള്‍ തട്ടിയകറ്റിയാല്‍ ബ്ലാസ്റ്റേഴ്‌സിന് രണ്ടാം പാദത്തിലും വിജയികളായി തന്നെ ഫൈനലിലേക്ക് മുന്നേറാം.

എന്നാല്‍ ആദ്യ പാദത്തില്‍ ഒരു ഗോളിന് ബ്ലാസ്‌റ്റേഴ്‌സിനോട് അടിയറവ് പറഞ്ഞ ലീഗ് വിന്നേഴ്‌സായ ജംഷഡ്പൂര്‍ എന്ത് വില കൊടുത്തും വിജയം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്. ആദ്യ പാദത്തില്‍ താളം കണ്ടെത്താന്‍ വിഷമിച്ച മുന്നേറ്റനിര താരം സ്റ്റുവേര്‍ട്ടിലാണ് ജംഷഡ്പൂര്‍ ക്യാമ്പ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്.

എന്നാല്‍ ആദ്യ പാദത്തില്‍ നേടിയ ഒരു ഗോള്‍ മറന്നാണ് ടീം ഇന്ന് ഗ്രൗണ്ടിലിറങ്ങുന്നതെന്ന് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വികോമനോവിച്ച് പറഞ്ഞു. രണ്ടാം പാദം പുതിയ മത്സരമായി കണക്കാകിയാണ് ടീം ഇറങ്ങുന്നതെന്നും വികോമനോവിച്ച് പറഞ്ഞു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ ഫൈനലില്‍ പ്രവേശിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് മലയാളി ഫുട്‌ബോള്‍ ആരാധകര്‍. കഴിഞ്ഞ ആദ്യ പാദ മത്സരം കൊച്ചിയിലെ ഫാന്‍ പാര്‍ക്കില്‍ മാത്രമാണ് ഒരുക്കിയിരുന്നതെങ്കില്‍ രണ്ടാം പാദ മത്സരത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കാനായി കേരളത്തില്‍ നിരവധി ഫാന്‍ പാര്‍ക്കുകളാണ് കാത്തിരിക്കുന്നത്.

Post a Comment

0 Comments