രാഹുലിന് ഇതൊക്കെ ചെയ്യാന്‍ എന്ത് അധികാരം?; രൂക്ഷവിമര്‍ശനവുമായി കപില്‍ സിബല്‍

LATEST UPDATES

6/recent/ticker-posts

രാഹുലിന് ഇതൊക്കെ ചെയ്യാന്‍ എന്ത് അധികാരം?; രൂക്ഷവിമര്‍ശനവുമായി കപില്‍ സിബല്‍

 



ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നേതൃത്വം ഗാന്ധി കുടുംബത്തില്‍ നിന്ന് മാറി മറ്റൊരാള്‍ക്ക് നല്‍കണമെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ഇടുങ്ങിയ ചിന്താഗതിക്കാരാണ് പാര്‍ട്ടി നേതൃത്വത്തിലിരിക്കുന്നതെന്നും അവര്‍ സാങ്കല്‍പ്പിക ലോകത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ടുവര്‍ഷമായി ഇവര്‍ക്ക് പാര്‍ട്ടിയുടെ തകര്‍ച്ചയുടെ കാരണം അറിയില്ലെന്നും സിബല്‍ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തിലായിരുന്നു കപില്‍ സിബലിന്റെ പ്രതികരണം.


പാര്‍ട്ടിയെ ഒരു വീട്ടില്‍ ഒതുക്കാനാണ് ചിലരുടെ ശ്രമം. പദവി രാജിവെച്ചിട്ടും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനെപ്പോലെ പെരുമാറുന്നു. പഞ്ചാബില്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ഏത് പദവിയുടെ ബലത്തിലാണെന്നും സിബല്‍ ചോദിച്ചു. 


എല്ലാവരും ഇപ്പോഴും പറയുന്നു രാഹുല്‍ വീണ്ടും കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് വരണമെന്ന്. പക്ഷേ അത് തനിക്ക് ഒട്ടും മനസ്സിലാകുന്നില്ല. ഇത് പറയുന്നവര്‍ ഒന്നും ചിന്തിച്ചിട്ടില്ലെന്ന് വ്യക്തം. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷനല്ലെന്നും അത് സോണിയാ ഗാന്ധിയാണെന്നും താന്‍ അനുമാനിക്കുന്നു. രാഹുല്‍ ഗാന്ധി പഞ്ചാബില്‍ പോയി ചരണ്‍ജിത് സിംഗ് ചന്നി മുഖ്യമന്ത്രിയാകുമെന്ന പ്രഖ്യാപനം നടത്തി. എന്ത് പദവിയുടെ ബലത്തിലാണ് അദ്ദേഹം അത് ചെയ്തത്?', കപില്‍ സിബല്‍ ചോദിച്ചു


പാര്‍ട്ടിയുടെ അധ്യക്ഷനല്ലായിരുന്നിട്ടും രാഹുല്‍ ഗാന്ധി എല്ലാ തീരുമാനങ്ങളും എടുക്കുന്നുവെന്നും സിബല്‍ ആരോപിച്ചു. അദ്ദേഹം ഇപ്പോള്‍ തന്നെ പ്രസിഡന്റിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. പിന്നെ എന്തിനാണ് തിരികെ ആ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുന്നത്. അദ്ദേഹം ചട്ടപ്രകാരം പ്രസിഡന്റാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. പക്ഷേ അതില്‍ കാര്യമില്ലെന്നും സിബല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവത്തക സമിതി അംഗങ്ങള്‍ നേതൃത്വത്തിന്റെ നോമിനികളാണ്. കോണ്‍ഗ്രസ് പ്രവത്തക സമിതിക്ക് പുറത്തും കോണ്‍ഗ്രസുണ്ട്, അവരുടെ ശബ്ദവും കേള്‍ക്കേണ്ടതുണ്ടെന്നും കപില്‍ സിബല്‍ പറഞ്ഞു.


2014 മുതല്‍ 177 എംപിമാരും എംഎല്‍എമാരും 222 സ്ഥാനാര്‍ഥികളുമാണ് പാര്‍ട്ടി വിട്ടത്. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും ഇത്തരത്തിലുള്ള പലായനം കണ്ടിട്ടില്ല. കോണ്‍ഗ്രസ് വിട്ടുപോയവരാണ് മമതാ ബാനര്‍ജിയും ശരത്പവാറുമെല്ലാം. അവരെയെല്ലാം യോജിപ്പിക്കാനാണ് പാര്‍ട്ടി ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

Post a Comment

0 Comments