ഐഎസ്എല്‍ ഫൈനലിനിടെ ഹൈദരബാദിനെ പിന്തുണച്ച യുവാവിനെ തല്ലി നടുവൊടിച്ചു; 9 പേര്‍ പിടിയില്‍

ഐഎസ്എല്‍ ഫൈനലിനിടെ ഹൈദരബാദിനെ പിന്തുണച്ച യുവാവിനെ തല്ലി നടുവൊടിച്ചു; 9 പേര്‍ പിടിയില്‍

 


ഐഎസ്എൽ ഫൈനൽ മൽസരം കാണുന്നതിനിടയിലുള്ള തർക്കത്തെ തുടർന്ന് യുവാവിനെ തല്ലി നടുവൊടിച്ച സംഭവത്തിൽ  വെള്ളാങ്ങല്ലൂർ സ്വദേശികളായ ഒൻപത് പേരെ ആളൂർ പൊലീസ് അറസ്റ്റ് ചെയ്തു.  


മാർച്ച് 20 ന് വൈകീട്ട് ഒൻപതരയോടെയായിരുന്നു സംഭവം. പട്ടേപ്പാടം സെൻ്ററിൽ താഷ്കെന്റ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വലിയ സ്ക്രീനിൽ ഫൈനൽ മൽസരം  പ്രദർശിപ്പിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ കേരളത്തിന് എതിരായി ഹൈദരാബാദ് ടീം ഗോൾ നേടിയപ്പോൾ ഹൈദരാബാദിന് ടീമിന് അനുകൂലമായി ജയ് വിളിച്ചുവെന്ന് ആരോപിച്ചാണ് പ്രതികൾ യുവാവിനെ മർദ്ദിച്ചത്   ഗുരുതരമായി പരിക്കേറ്റ സുധീഷിനെ (45) ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ ഇയാളെ തൃശ്ശൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 


സംഭവത്തിൽ പട്ടേപ്പാടം

സ്വദേശികളായ പുളിപ്പറമ്പിൽ അൻസിൽ (25), കളത്തുപറമ്പിൽ ശ്രീനി ,(25), തെക്കുംകാട്ടിൽ പവൻ (20), പനങ്ങാട്ട് ആകർഷ് (22), കുരിയപ്പിള്ളി ഹുസൈൻ (22), രായം വീട്ടിൽ  സാലിഹ് (22) മങ്കിടിയാൻ  വീട്ടിൽ മിഥുൻ (22) വെള്ളാങ്ങല്ലൂർ വാഴക്കാമഠം  സുൽഫിക്കർ (23) ,തുണ്ടത്തിൽപ്പറമ്പിൽ മുഹമ്മദ് ഷഹ്നാദ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.


പ്രതികൾ നാടിനു തന്നെ ഭീഷണിയാണെന്നും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം മൊബൈൽ ഫോൺ ഓഫ് ചെയ്ത് മുങ്ങിയ പ്രതികൾ  വാടകവീടെടുത്ത് ഒളിവിൽ കഴിയുകയായിരുന്നു. അതിനിടയിലാണ് പൊലീസ് പിടികൂടിയത്.

Post a Comment

0 Comments