LATEST UPDATES

6/recent/ticker-posts

33-വര്‍ഷത്തെ സേവനം കഴിഞ്ഞ് അബ്ദുല്‍ അസീസ് മൗലവി അതിഞ്ഞാല്‍ മദ്രസയുടെ പടിയിറങ്ങി


  കാഞ്ഞങ്ങാട്: ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് മതപഠനത്തിന്റെ ആദ്യാക്ഷരം പകര്‍ന്ന് കൊടുത്ത് ഒരു പ്രദേശത്തിന്റെയാകെ മത വിദ്യാഭ്യാസത്തിന് പ്രാപ്തമായ നേതൃത്വം നല്‍കിയ അതിഞ്ഞാല്‍ അന്‍സാറുല്‍ ഇസ്ലാം മദ്രസ പ്രധാനാദ്ധ്യാപകന്‍ അബ്ദുല്‍അസീസ് മൗലവി മദ്രസയുടെ പടിയിങ്ങി.


അന്തരിച്ച പി.എം.മമ്മുഞ്ഞിഹാജി പ്രസിഡന്റും കെ.ഇബ്രാഹിം ജനറല്‍ സെക്രട്ടറിയുമായിരിക്കെ 1990ല്‍ അതിഞ്ഞാല്‍ മദ്രസയില്‍ പ്രധാനാധ്യാപകന്‍ (സദര്‍ മുഅല്ലിം) എന്ന നിലയില്‍ ജോലിയില്‍ പ്രവേശിച്ച അബ്ദുള്‍അസീസ് മൗലവി അതിഞ്ഞാല്‍ പ്രദേശത്തിന്റെ മതവൈജ്ഞാനിക മേഖലയ്ക്ക് കനത്ത സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. ഒന്നാം തരം മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്ന സെക്കന്ററി മദ്രസയായ അതിഞ്ഞാല്‍ അന്‍സാറുല്‍ ഇസ്ലാം മദ്രസ ഉത്തരമലബാറിലെ ഏറ്റവും പ്രശസ്തമായ മദ്രസകളിലൊന്നാണ്.


സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള അന്‍സാറുല്‍ ഇസ്ലാം മദ്രസയില്‍ 5,7,10,12 ക്ലാസുകളില്‍ വര്‍ഷങ്ങളായി നൂറ് ശതമാനം വിജയമാണ് നേടി വരുന്നത്. തുടക്കത്തില്‍  അഞ്ച് ഏഴ് ക്ലാസ്സുകളില്‍ പഠിച്ച് ഉന്നതവിജയം നേടുന്ന വിദ്യാര്‍ത്ഥിക്കള്‍ക്കുള്ള സമസ്തയുടെ സ്‌കോളര്‍ഷിപ്പ് നേടാന്‍ സാധിച്ച മദ്രസയില്‍ നിലവില്‍ സംസ്ഥാന തലത്തില്‍  അഞ്ചാതരത്തിലും ഏഴാംതരത്തിലും ഒന്നാം റാങ്ക് ലഭിക്കുന്നുണ്ട്. അതിഞ്ഞാലിലെ കെ.കെ.ജസീറ ഏഴാം തരത്തില്‍ സംസ്ഥാനതല ഒന്നാം റാങ്കും അഞ്ചാംതരത്തില്‍ രണ്ടാം റാങ്കും  നേടിയിട്ടുണ്ട്.


നഈം എന്ന വിദ്യാര്‍ത്ഥിക്കാണ് പത്താം തരത്തില്‍ റാങ്ക് കിട്ടിയത്. നിരവധി തവണ സംസ്ഥാന തലത്തില്‍ നൂറു ശതമാനം വിജയം നേടികൊടുക്കാന്‍ അബ്ദുല്‍ അസീസ് മൗലവിയുടെ നേതൃത്വത്തിന് സാധ്യമായിട്ടുണ്ട്. പഠനത്തിലും പാഠ്യേതര വിഷങ്ങളിലും അതിഞ്ഞാല്‍ മദ്രസ ഉന്നത നിലവാരം പുലര്‍ത്തി വരുന്നുണ്ട്. അതിഞ്ഞാല്‍ മുസ്ലീം ജമാഅത്തിന്റെയും നിര്‍ലോഭമായ സഹകരണവും പിന്തുണയും കൊണ്ടാണ് മദ്രസയെ ഉയര്‍ന്ന നിലവാരത്തിലെത്തിക്കാന്‍ കഴിഞ്ഞതെന്ന് അസീസ് മൗലവി ലേറ്റസ്റ്റിനോട് പറഞ്ഞു.


പഠനത്തോടൊപ്പം കുട്ടികളെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാനും അബ്ദുള്‍ അസീസ് മൗലവിയുടെ നേതൃത്വത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. പൊതുവിദ്യാഭ്യാസത്തെ ബാധിക്കാത്ത വിധം മദ്രസാപഠനം ക്രമാകരിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മത വിദ്യാഭ്യാത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസത്തിലും ഉയര്‍ന്ന നിലവാരം നേടിയെടുക്കാന്‍ സാധിക്കുന്നത് വലിയ നേട്ടമായി അബ്ദുല്‍ അസീസ്മൗലവി എടുത്ത് കാണിക്കുന്നു.


കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്ല് സ്വദേശിയായ അബ്ദുല്‍അസീസ്മൗലവിയുടെ ഭാര്യ സഫിയയാണ്. മക്കള്‍:മുഹമ്മദ് അബൂബക്കര്‍, സഹീറ, ജസീല, സഫീറ, സല്‍മ. നിലവില്‍ സി.ഇബ്രാഹിംഹാജി പ്രസിഡന്റും, പാലാട്ട് ഹുസൈന്‍ ജനറല്‍ സെക്രട്ടറിയും തെരുവത്ത് മൂസഹാജി ട്രഷറുമായ അതിഞ്ഞാല്‍ മുസ്ലീം ജമാഅത്ത് കമ്മിറ്റിയാണ് അന്‍സാറുല്‍ ഇസ്ലാം മദ്രസയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.

Post a Comment

0 Comments