ന്യൂഡൽഹി: രണ്ടു വർഷത്തിലേറെയായി മാസ്ക് നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാണ്. നിർബന്ധ പൂർവം തുടരുന്ന മാസ്ക് ധരിക്കൽ ഇനി ഒഴിവാക്കാനുള്ള സമയമായെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഡൽഹി, മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ ഇതിനകം മാസ്‌കിന്‍റെ നിർബന്ധിത ഉപയോഗം ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തിലാണ് വിദഗ്ധരുടെ അഭിപ്രായം.
മാസ്ക് ഇനിയും നിർബന്ധമാക്കുന്നത് പൊതുജനങ്ങൾ അവ ഗൗരവമായി കാണാതിരിക്കാൻ കാരണമാകുമെന്ന് വാഷിങ്ടണിലെ സെന്റർ ഫോർ ഡിസീസ് ഡൈനാമിക്സ്, ഇക്കണോമിക്സ് ആൻഡ് പോളിസി ഡയറക്ടർ രമണൻ ലക്ഷ്മിനാരായണൻ പറഞ്ഞു. അതിനാൽ മാസ്ക് ഒഴിവാക്കാം. ആവശ്യമെങ്കിൽ അപ്പോഴത്തെ സാഹചര്യത്തിൽ അവ വീണ്ടും തുടരാം. പല രാജ്യങ്ങളും ചെയ്തതുപോലെ പൊതു ഇടങ്ങളെ മാസ്ക് നിർബന്ധത്തിൽനിന്ന് ഒഴിവാക്കാം. മാസ്‌ക് ധരിക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള പ്രചാരണം തുടരണം.
അനുയോജ്യമല്ലാത്ത മാസ്‌കുകളുടെ ഉപയോഗംകൊണ്ട് കാര്യമായ ഫലമില്ല. ഭാവിയിൽ മറ്റൊരു വകഭേദവും തരംഗവും ഉണ്ടെങ്കിൽ പൊതുജനങ്ങൾ വീണ്ടും മാസ്‌കുകൾ ഉപയോഗിക്കേണ്ടി വരും -അദ്ദേഹം പറഞ്ഞു. മാസ്‌കുകൾ നിർബന്ധമാക്കുന്നതിനേക്കാൾ പ്രധാനമാണ് കോവിഡ് ബൂസ്റ്റർ ഡോസെന്ന് ഹരിയാനയിലെ അശോക സർവകലാശാല ഫിസിക്‌സ് ആൻഡ് ബയോളജി വിഭാഗത്തിലെ പ്രഫ. ഗൗതം മേനോൻ പറഞ്ഞു. സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.
0 Comments