സുബൈർ വധക്കേസ്; പ്രതികളെ തിരിച്ചറിഞ്ഞു

LATEST UPDATES

6/recent/ticker-posts

സുബൈർ വധക്കേസ്; പ്രതികളെ തിരിച്ചറിഞ്ഞു

 


പാലക്കാട്ടെ എസ്‌ഡിപിഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് എഡിജിപി വിജയ് സാക്കറെ. പ്രതികൾ നിരീക്ഷണത്തിലാണെന്നും എല്ലാവരും ഉടൻ പിടിയിലാകുമെന്നും അദ്ദേഹം അറിയിച്ചു.


ആർഎസ്‌എസ്‌ പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയവരെ കുറിച്ചും വ്യക്‌തമായ സൂചന ലഭിച്ചിട്ടുണ്ട്. ചിലർ കസ്‌റ്റഡിയിലുണ്ട്. രണ്ട് കേസും അന്വേഷിക്കുന്നത് രണ്ട് പ്രത്യേക സംഘമാണ്. പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളും ആസൂത്രിതമാണന്നും എഡിജിപി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ആർഎസ്‌എസ്‌ മുൻ ശാരീരിക് ശിക്ഷൺ പ്രമുഖായ പാലക്കാട് മേലാമുറിയിൽ ശ്രീനിവാസന്റെ കൊലപാതകം രാഷ്‌ട്രീയ വൈരാഗ്യം മൂലമെന്നാണ് പോലീസിന്റെ പ്രാഥമിക വിവര റിപ്പോർട് (എഫ്‌ഐആർ). പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പാറ ഏരിയാ പ്രസിഡണ്ടായ കുപ്പിയോട് സുബൈറിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ശ്രീനിവാസന്റെ കൊലപാതകം. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതികൾ എത്തിയതെന്നും എഫ്‌ഐആറിൽ പറയുന്നു.


വെള്ളിയാഴ്‌ച ഉച്ചക്ക് ഒന്നരയോടെ പള്ളിയിൽ നിന്ന് പിതാവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുബൈറിനെ കുപ്പിയോടിന് സമീപം കാറിടിച്ച് വീഴ്‌ത്തിയാണ് അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. രണ്ടുകാറുകളിൽ എത്തിയ അക്രമിസംഘം ബൈക്കിലിടിപ്പിച്ച കാർ ഉപേക്ഷിച്ച ശേഷം രണ്ടാമത്തെ കാറിൽ രക്ഷപെടുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുബൈർ മരിച്ചു.


ശനിയാഴ്‌ച ഉച്ചക്ക് 1.10ഓടെയാണ് പാലക്കാട് പട്ടണത്തിലെ മേലാമുറിയിൽ സെക്കൻഡ് ഹാൻഡ് ബൈക്ക് വിൽപന സ്‌ഥാപനത്തിൽ കയറി ശ്രീനിവാസനെ മൂന്ന് ബൈക്കുകളിൽ എത്തിയ സംഘം വെട്ടിയത്. തലക്കും കാലിനും പരിക്കേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.


ഇതിനിടെ പാലക്കാട് നാളെ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. എല്ലാ രാഷ്‌ട്രീയ കക്ഷികളെയും യോഗത്തിലേക്ക് ക്ഷണിക്കുമെങ്കിലും ഏതൊക്കെ പാർട്ടികൾ പങ്കെടുക്കുമെന്ന് വ്യക്‌തമല്ല. എസ്‌ഡിപിഐയുമായി യാതൊരു സമാധാന ചർച്ചകളിലും പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി വ്യക്‌തമാക്കിയിരുന്നു.

Post a Comment

0 Comments