ഡൽഹിയിൽ മാസ്ക് വീണ്ടും, ഇല്ലെങ്കിൽ 500 രൂപ പിഴ

LATEST UPDATES

6/recent/ticker-posts

ഡൽഹിയിൽ മാസ്ക് വീണ്ടും, ഇല്ലെങ്കിൽ 500 രൂപ പിഴ

 



ന്യൂഡൽഹി ∙ നിരവധി സംസ്ഥാനങ്ങൾ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനു പിന്നാലെ ഇന്ത്യയിൽ രോഗബാധ ഉയരുന്നു. കോവിഡ് കേസുകളിൽ നേരിയ വർധന റിപ്പോർട്ട് ചെയ്ത ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, മിസോറം എന്നീ സംസ്ഥാനങ്ങൾക്ക് കോവിഡ് വ്യാപനം നിരീക്ഷിക്കാനും ഉടനടി നടപടികൾ കൈക്കൊള്ളാനും കേന്ദ്ര സർക്കാർ നിർദേശം നൽകി.


പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് കാണിച്ച് കേരളത്തിന് അയച്ച കത്തിൽ, മുൻകരുതൽ നടപടികൾ നിലനിർത്തേണ്ടത്തിന്റെ ആവശ്യകതയും കേന്ദ്രം ഊന്നിപ്പറഞ്ഞു. ഈ ആഴ്ച രണ്ടാം തവണയും, ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകൾ 2,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ഇന്ത്യയിൽ 2067 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാൾ 66 ശതമാനം കൂടുതലാണ്. 40 പുതിയ കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.


രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ബുധനാഴ്ച 0.44 ശതമാനമായി ഉയർന്നു. ഏപ്രിൽ 12ന് പോസിറ്റീവ് നിരക്ക് 0.21 ശതമാനമായിരുന്നു. ബുധനാഴ്ചത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.38 ശതമാനമാണ്. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ ചുമത്തും. ഡൽഹിയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ ഹരിയാനയും ഉത്തർപ്രദേശും മാസ്ക് വീണ്ടും നിർബന്ധമാക്കാൻ ഉത്തരവിട്ടു.


ഡൽഹിയിൽ ചൊവ്വാഴ്ച 632 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പോസിറ്റിവിറ്റി നിരക്ക് 4.4 ശതമാനമാണ്. മഹാരാഷ്ട്രയിൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 127 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മൂന്ന് ദിവസത്തിന് ശേഷം മൂന്നു പുതിയ കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 107 പേരിൽ 33 പേർ കുട്ടികളാണ്.

Post a Comment

0 Comments