LATEST UPDATES

6/recent/ticker-posts

വ്രതം പകര്‍ന്ന നന്മകള്‍ സമൂഹത്തിനായി പങ്കു വെച്ചും സ്നേഹ സന്ദേശം പകര്‍ന്നും പെരുന്നാള്‍ ആഘോഷിക്കുക: സംയുക്ത ജമാഅത്ത്

 


കാഞ്ഞങ്ങാട്: സ്നേഹം വിതയ്ക്കുകയും ശാന്തി കൊയ്തെടുക്കുകയും ചെയ്തിരുന്ന ഇന്ത്യന്‍ പൈതൃകത്തിന്‍റെ വീണ്ടെടുപ്പിനായുള്ള പ്രാര്‍ത്ഥനയോടെയും സ്നേഹ സൗഹൃദങ്ങളുടെ പങ്കുവെക്കലുകളിലൂടെയും ഈദുല്‍ഫിത്വര്‍ ആഘോഷത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തു.

ശരീരത്തെയും മനസ്സിനെയും ദൈവ പ്രീതിയുടെ ഉരകല്ലിലിട്ടുരയ്ക്കും വിധം സ്ഫുടം ചെയ്തെടുത്ത് ആസക്തിക്കെതിരെയുള്ള യുദ്ധം ജയിച്ച വിശ്വാസിയുടെ പുതുജീവിതത്തിലേക്കുള്ള പ്രവേശനകവാടമാണ് ഈദുല്‍ഫിത്വര്‍. ഭൂമിയിലൊരാളും പട്ടിണികിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാക്കിയ മതം സഹജീവികളുടെ ദാരിദ്ര്യവും പട്ടിണിയും പ്രയാസങ്ങളും പരിവട്ടങ്ങളും തിരിച്ചറിയുന്നതിനു വേണ്ടി കൂടിയാണ് പകല്‍ മുഴുവന്‍ ആഹാരനിഹാരാധികള്‍ കണിശമായി വെടിയുന്ന വ്രതം നിര്‍ബന്ധമാക്കിയത്. വ്രതത്തില്‍ നിന്ന് കൈവല്യമായ വിശ്വാസദാര്‍ഢ്യവും ജീവിത സംസ്കൃതിയും അടുത്ത പതിനൊന്നു മാസത്തെ വിശ്വാസിയുടെ ജീവിതത്തെ സമഗ്രമായി സ്വാധീനിക്കുന്നുണ്ട്. ദൈവപ്രീതിക്കായി അവന്‍റെ കല്പനകളെന്തും ശിരസാവഹിക്കുകയും നിരോധനങ്ങളെന്തും വര്‍ജിക്കുകയും ചെയ്യുന്നതോടൊപ്പം കാരുണ്യത്തിന്‍റെ മൂര്‍ത്തിമല്‍ഭാവമായ പടച്ചവന്‍റെ പ്രാതിനിധ്യ വ്യവസ്ഥയോട് നീതിപുലര്‍ത്തി പ്രപഞ്ചത്തോടും അതിലെ സകല ജീവജാലങ്ങളോടും കാരുണ്യ പൂര്‍ണ്ണമായ സമീപനം സ്വീകരിക്കുക എന്നതും ഈ സ്വാധീനത്തിന്‍റെ തേട്ടമത്രേ!

ലോകമെങ്ങും വംശീയ വര്‍ഗ്ഗീയ ശക്തികളും വെറുപ്പിന്‍റെ വ്യാപാരികളും അധീശത്വം സ്ഥാപിക്കുകയും മാനവികതയെ ഉന്മൂലനം ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രപഞ്ചത്തോടും അതിലെ ജീവജാലങ്ങളോടുമുള്ള ഗുണകാംക്ഷയാണ് മതമെന്ന് പഠിപ്പിച്ച പ്രവാചകാനുയായികളുടെ ആഘോഷം എല്ലാ ജനവിഭാഗങ്ങള്‍ക്കും പങ്കാളികളാകാനും അവര്‍ക്കെല്ലാം ആത്മഹര്‍ഷമടയാനും സാധിക്കുന്ന വിധത്തിലായിരിക്കണം. പശുവിന്‍റെ പേരിലും വേഷത്തിന്‍റെ പേരിലും വിശ്വാസത്തിന്‍റെ പേരിലും അനുദിനം മനുഷ്യര്‍ കൊല്ലപ്പെട്ടു കൊണ്ടിരിക്കുകയും നോമ്പെടുക്കുവാനോ പെരുന്നാള്‍ ആഘോഷിക്കുവാനോ കഴിയാത്ത വിധം വിശ്വാസ ജനകോടികള്‍ ദുരിതക്കയങ്ങളില്‍ കൈകാലിട്ടടിക്കുമ്പൊള്‍ അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആരാധനയായി പരിഗണിക്കപ്പെടേണ്ട ഒരാഘോഷത്തിന് എത്രമാത്രം പരിമിതിയെന്ന് ആലോചിക്കേണ്ട മുഹൂര്‍ത്തമാണിത്.

മതം വിലക്കിയ അഭാസങ്ങളുടെയും നിയമലംഘന പ്രവര്‍ത്തനങ്ങളുടെയും കൂത്തരങ്ങായി പെരുന്നാളിനെ മാറ്റുന്ന ഒറ്റപ്പെട്ട സഹോദരന്മാരെ അത്തരം പ്രക്രിയകളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മഹല്ല് നേതൃത്വവും മതപണ്ഡിതന്മാരും ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.


Post a Comment

0 Comments