പാലത്തിന്റെ ബീമുകൾ തകർന്ന സംഭവം; വിശദമായ അന്വേഷണം വേണമെന്ന് വിജിലൻസ്

പാലത്തിന്റെ ബീമുകൾ തകർന്ന സംഭവം; വിശദമായ അന്വേഷണം വേണമെന്ന് വിജിലൻസ്

 



കോഴിക്കോട്: ജില്ലയിൽ നിർമാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീം തകർന്നു വീണ സംഭവത്തിൽ വിശദമായ പരിശോധന വേണമെന്ന് വ്യക്‌തമാക്കി വിജിലൻസ് വിഭാഗം. തകർന്ന ബീമുകൾക്ക്  പകരം പുതിയത് സ്‌ഥാപിക്കേണ്ടിവരുമെന്നും, ഹൈഡ്രാളിക് ജാക്കിയുടെ പിഴവാണോ അപകട കാരണം എന്നത് പരിശോധനകൾക്ക് ശേഷമേ വ്യക്‌തമാകൂ എന്നും വിജിലൻസ് കൂട്ടിച്ചേർത്തു.


വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എം അൻസാറിന്റെ നേതൃത്വത്തിൽ ഇന്ന് നടത്തിയ പരിശോധനക്ക് ശേഷമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. കോഴിക്കോട്-മലപ്പുറം ജില്ലകളിലെ തമ്മിൽ ബന്ധിപ്പിക്കുന്ന കൂളിമാട് കടവ് പാലത്തിന്റെ മൂന്ന് പ്രധാന ബീമുകളാണ് കഴിഞ്ഞ ദിവസം തകർന്നു വീണത്. അടിയന്തിര അന്വേഷണത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിർദേശിച്ചതിന് പിന്നാലെയാണ് ഇന്ന് വിജിലൻസ് വിഭാഗം പരിശോധനക്കെത്തിയത്.


വിവര ശേഖരണം നടത്തുന്നതിന്റെ ഭാഗമായി പരിസരവാസികളിൽ നിന്നുൾപ്പടെ വരും ദിവസങ്ങളിൽ മൊഴിയെടുക്കും. ഹൈഡ്രോളിക് ജാക്കിക്ക് വന്ന പിഴവ് മൂലമാണ് ബീമുകൾ തകർന്നു വീണതെന്നാണ് റോഡ് ഫണ്ട് ബോർഡ് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്‌. ഇതുൾപ്പടെ പരിഗണിച്ച ശേഷമാകും വിജിലൻസ് സംഘം അന്തിമ റിപ്പോർട് നൽകുക.

Post a Comment

0 Comments