അധ്യാപകനെന്ന വ്യാജേന വിദ്യാർഥികളെ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയയാൾ പിടിയിൽ

അധ്യാപകനെന്ന വ്യാജേന വിദ്യാർഥികളെ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയയാൾ പിടിയിൽ

 


ചങ്ങരംകുളം: ഓൺലൈൻ ക്ലാസെടുക്കുന്ന അധ്യാപകനെന്ന വ്യാജേന വിദ്യാർഥികളെ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയയാൾ പിടിയിൽ. പ്രവാസിയായ പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശി അബ്ദുൽ മനാഫ്​ (44) ആണ് പിടിയിലായത്. സൈബർ സെൽ സഹായത്തോടെ ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. ഒരു വർഷം മുമ്പായിരുന്നു സംഭവം.


ഏഴാം ക്ലാസ്​ വിദ്യാർഥിയുടെ വീട്ടിൽ വിളിച്ച് സ്കൂളിലെ അധ്യാപകനാണെന്ന് പരിചയപ്പെടുത്തിയ ഇയാൾ പഠനത്തിൽ പിറകിൽ നിൽക്കുന്ന കുട്ടിക്ക് പ്രത്യേകം ക്ലാസെടുക്കണമെന്ന് രക്ഷിതാവിനെ തെറ്റിദ്ധരിപ്പിച്ചു. കുട്ടിയോട് അടച്ചിട്ട മുറിയിൽ കയറാൻ ആവശ്യപ്പെട്ട ശേഷം മോശമായ രീതിയിൽ സംസാരം തുടർന്നതോടെ കുട്ടി മാതാവിനോട് പറയുകയായിരുന്നു. തുടർന്ന് സ്കൂൾ മാതാപിതാക്കളും അധികൃതരും ചങ്ങരംകുളം പൊലീസിന് പരാതി നൽകി.


അന്വേഷണം വൈകിയതോടെ മുഖ്യമന്ത്രി, ഡി.ജി.പി അടക്കമുള്ളവർക്ക്​ പരാതി നൽകിയതോടെയാണ് മലപ്പുറം സൈബർ സെൽ എസ്.ഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. ഇന്റർനെറ്റ് കോൾ ഉപയോഗിച്ചാണ് വിദ്യാർഥിയെ വിളിച്ചതെന്ന് കണ്ടെത്തുകയും പ്രതിയെ തിരിച്ചറിയുകയുമായിരുന്നു.


ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറ​പ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്​ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രതിയെ ചങ്ങരംകുളം എസ്.ഐ ഖാലിദ്, സി.പി.ഒ ഭാഗ്യരാജ് എന്നിവർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ പാലക്കാട് സൈബർ പൊലീസിലും സമാന പരാതിയുണ്ട്​. പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

Post a Comment

0 Comments