തിങ്കളാഴ്‌ച, ജൂൺ 13, 2022



നീലേശ്വരം; നീലേശ്വരം കോൺഗ്രസ്‌ മണ്ഡലം  കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തു. നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ സ്ഥാപിച്ച കോൺഗ്രസ് കൊടിമരവും നശിപ്പിച്ചിട്ടുണ്ട്. ഡി വൈ എഫ് ഐ പ്രവർത്തകരാണ് ഓഫീസ് ആക്രമിച്ച് തകർത്തതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഇന്ന് വൈകീട്ടാണ് അക്രമം. മുഖ്യമന്ത്രിയെ വിമാനത്താവളത്തിൽ ആക്രമിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് ഡി വൈ എഫ് ഐ നീലേശ്വരത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തൊട്ട് പിന്നാലെയാണ് നീലേശ്വരം മണ്ഡലം കമ്മിറ്റി ഓഫിസ് ആക്രമിക്കപ്പെട്ടതെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഓഫീസിൽ ഉണ്ടായിരുന്ന ഫർണ്ണിച്ചറുകളും കസേരകളും വാതിലും ഫോട്ടോകളും പൂർണ്ണമായും തല്ലിതകർത്തു. നീലേശ്വരം നഗരസഭ ഓഫീസിന് എതിർവശത്തുള്ള ഓടിട്ട കെട്ടിടത്തിലെ രണ്ടാം നിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. നീലേശ്വരം പോലീസ് സ്ഥലത്തെത്തി. സമാധാനം നിലനിൽക്കുന്ന നീലേശ്വരത്ത് മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ഡി വൈ എഫ് ഐ ശ്രമമെന്നും ഓഫിസ് തകർത്തത് കൊണ്ട് മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങളിൽ നിന്നും പിന്നോട്ട് പോകില്ലെന്നും ആക്രമികളെ എത്രയും വേഗം പിടികൂടണമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി മാമുനി വിജയൻ, മണ്ഡലം പ്രസിഡന്റ് പി രാമചന്ദ്രൻ, ബ്ലോക്ക്‌ പ്രസിഡന്റ് മടിയൻ ഉണ്ണികൃഷ്ണൻ എന്നിവർ പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ