ഷാര്‍ജയില്‍ യുവതിയെ ഭര്‍ത്താവ് കാറിലിട്ട് കുത്തിക്കൊന്നു; രണ്ടുമണിക്കൂറിനുള്ളില്‍ പ്രതി പിടിയിൽ

LATEST UPDATES

6/recent/ticker-posts

ഷാര്‍ജയില്‍ യുവതിയെ ഭര്‍ത്താവ് കാറിലിട്ട് കുത്തിക്കൊന്നു; രണ്ടുമണിക്കൂറിനുള്ളില്‍ പ്രതി പിടിയിൽ


 ദുബായ്: ഷാർജയിൽ യുവതിയെ കാറിൽവെച്ച് കുത്തിക്കൊന്നു. ജോർദാൻ സ്വദേശിനിയായ ലുബ്ന മൻസൂറാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. കേസിലെ പ്രതിയെ രണ്ടുമണിക്കൂറിനുള്ളിൽ ഷാർജ പോലീസ് പിടികൂടി.

ലുബ്ന മൻസൂർ താമസിക്കുന്ന കെട്ടിടത്തിലെ പാർക്കിങ് ഏരിയയിലാണ് ദാരുണമായ കൊലപാതകം നടന്നത്. ഭർത്താവാണ് ലുബ്നയെ കൊലപ്പെടുത്തിയതെന്നാണ് ജോർദാൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. പ്രതിയെ അറസ്റ്റ് ചെയ്തതായി ഷാർജ പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

കാറിൽവെച്ച് ലുബ്നയ്ക്ക് നിരവധി തവണ കുത്തേറ്റതായാണ് റിപ്പോർട്ട്. കൊലയ്ക്ക് ശേഷം പ്രതി യുവതിയുടെ മൃതദേഹവുമായി ഇതേ കാറിൽ രക്ഷപ്പെട്ടു. ഇതിനിടെ, പോലീസ് നടത്തിയ അന്വേഷണത്തിൽ ലുബ്നയുടെ കാർ കണ്ടെത്തി. കാറിനുള്ളിൽ മൃതദേഹവും ഉണ്ടായിരുന്നു. അതേസമയം, പ്രതി സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ ബീച്ചിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യംചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചതായി പോലീസ് അറിയിച്ചു. വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രതിയുടെ മൊഴി. ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തെന്നും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് പറഞ്ഞു.

ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളാണ് എൻജിനീയറിങ് ബിരുദധാരിയായ ലുബ്നയുടെ കൊലപാതകത്തിന് കാരണമായതെന്നാണ് ജോർദാൻ മാധ്യമങ്ങളുടെയും റിപ്പോർട്ട്. പ്രശ്നങ്ങൾ കാരണം യുവതി ഭർത്താവിൽനിന്ന് വിവാഹമോചനം നേടാൻ തീരുമാനിച്ചിരുന്നതായും ചിലർ ട്വീറ്റ് ചെയ്തു. ലുബ്നയുടെ കൊലപാതകത്തിന് പിന്നാലെ നിരവധി പേരാണ് സാമൂഹികമാധ്യമങ്ങളിൽ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്.

Post a Comment

0 Comments