പാലക്കാട്: മകന് ഉമ്മ കൊടുക്കാൻ പോയപ്പോൾ പല്ലുതേക്കാൻ പറഞ്ഞ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. മണ്ണാര്‍ക്കാട് പള്ളിക്കുറിപ്പിലാണ് സംഭവം. കോയമ്പത്തൂര്‍ സ്വദേശി ദീപികയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭര്‍ത്താവ് അവിനാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ എട്ടരയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം. അവിനാശിന്റെ വീട്ടിലെ ഹാളിൽ വെച്ച് ഭാര്യ ദീപികയെ കൊടുവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. കഴുത്തിനും കൈയ്ക്കും ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
വീടിന്റെ വാതിൽ അടച്ചിട്ട ശേഷമാണ് വെട്ടി പരുക്കേൽപ്പിച്ചത്. വീട്ടുകാരുടെ ബഹളം കേട്ടാണ് സമീപവാസികൾ ഓടിയെത്തിയത്. ഭർത്താവ് അവിനാഷിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് തടഞ്ഞുവെച്ച് പൊലീസ് കൈമാറി.
ബാഗ്ലൂരില്‍ ജോലി ചെയ്തിരുന്ന അവിനാഷ് രണ്ട് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ബാംഗ്ലൂരിൽ എയർ ഫോഴ്സിന് വേണ്ടി സിവിൽ വർക്കുകൾ കരാർ എടുത്ത് നൽകുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് അവിനാശ് . ഇപ്പോൾ വർക്ക് ഫ്രം ഹോം ആയി നിൽക്കുകയാണെന്ന് അവിനാശ് പൊലീസിനോട് പറഞ്ഞത്.
അവിനാശിനെ ചോദ്യം ചെയ്തു വരികയാണെന്ന് മണ്ണാർക്കാട് സി ഐ പറഞ്ഞത്. അവിനാശും ദീപികയും വിവാഹിതരായിട്ട് മൂന്നു വർഷത്തിലേറെയായി. ഒന്നര വയസ്സുള്ള മകനുണ്ട്. രാവിലെ മകന് ഉമ്മ കൊടുക്കാൻ വന്നപ്പോൾ ഭാര്യ പല്ലു തേയ്ക്കാൻ പറഞ്ഞതാണ് പ്രകോപനമെന്നാണ് അവിനാഷ് പൊലീസിന് നൽകിയ മൊഴി.
ഇതേ തുടർന്ന് ഇവർ തമ്മിൽ വഴക്കാവുകയും വീടിനകത്തുണ്ടായിരുന്ന കൊടുവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ