2022ലെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്ന് രാത്രി കാണാം

LATEST UPDATES

6/recent/ticker-posts

2022ലെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്ന് രാത്രി കാണാം

 


ആകാശ വിസ്മയത്തിന് കാത്ത് ലോകം.
ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്ന് രാത്രിയോടെ ആകാശത്ത് ദൃശ്യമാകും. ജൂലൈയില്‍ കാണുന്ന സൂപ്പര്‍മൂണ്‍ ബക്ക് മൂണ്‍ എന്നും തണ്ടര്‍ മൂണ്‍ എന്നും അറിയപ്പെടും. ആണ്‍ മാനുകളില്‍ (ബക്ക്) പുതിയ കൊമ്പുകള്‍ വളരുന്ന സമയമായതിനാലാണ് ഇവയെ ബക്ക് മൂണ്‍ എന്ന് വിളിക്കുന്നത്. 


നാല് സൂപ്പര്‍മൂണുകള്‍ക്കാണ് 2022 സാക്ഷ്യം വഹിക്കുന്നത്. അതില്‍ ഏറ്റവും വലുതാണ് ഇന്ന് കാണാനാകുക. ഓഗസ്റ്റ് 12നാകും അടുത്ത സൂപ്പര്‍ മൂണ്‍ പ്രത്യക്ഷപ്പെടുകയെന്ന് നാസയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അറിയിച്ചു.


ഈ വർഷം ജൂൺ 14 ന് സാക്ഷ്യം വഹിച്ച സ്ട്രോബെറി മൂണ്‍ ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. ഇതിന്‍റെ ആകർഷകമായ ചിത്രങ്ങള്‍ ഇപ്പോഴും ഇന്‍റര്‍നെറ്റില്‍ വൈറലാണ്. സ്ട്രോബെറി വിളവെടുപ്പ് സമയത്ത് പൂർണ്ണ സൂപ്പർമൂൺ ഉണ്ടായാല്‍ അതിനെയാണ് സ്ട്രോബെറി മൂണ്‍ എന്ന് വിളിക്കുന്നത്.


ചന്ദ്രന്‍ അതിന്റെ ഭ്രമണ പഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്ത നില്‍ക്കുന്ന ഘട്ടത്തിലാണ് സൂപ്പര്‍ മൂണ്‍ സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രന്‍ സാധാരണയെക്കാള്‍ ഏറെ വലുപ്പത്തിലും വെളിച്ചത്തിലും കാണാനാകും. ഇന്ന് അര്‍ധരാത്രി 12.08ഓടെ ദൃശ്യമാകുന്ന സൂപ്പര്‍ മൂണ്‍ വെള്ളിയാഴ്ച രാത്രി വരെ ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും പൂര്‍ണമായും കാണാനാകും.


Post a Comment

0 Comments