പള്ളൂരിലെ ഇ പ്ലാനറ്റ് ഇലക്ട്രോണിക്സിൽ മോഷണം നടത്തിയ കവർച്ചാ സംഘം പിടിയിൽ

പള്ളൂരിലെ ഇ പ്ലാനറ്റ് ഇലക്ട്രോണിക്സിൽ മോഷണം നടത്തിയ കവർച്ചാ സംഘം പിടിയിൽ

 


പള്ളൂര്‍: പള്ളൂരിലെ ഇലക്ട്രോണിക് കടകളില്‍ ഷട്ടര്‍ ഭേദിച്ച് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസിലെ മൂന്ന് അന്തര്‍ സംസ്ഥാന മോഷ്ടാക്കളെ പോലീസ് പിടികൂടി. വാസീര്‍ ഖാന്‍, രാഹുല്‍ ജെസ്വാള്‍, മുസ്ലീം ആലം എന്നിവരെയാണ് പിടികൂടിയത്. മാഹി പോലീസ് സ്റ്റേഷന്‍ എസ് ഐ ഇളങ്കോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡല്‍ഹിയില്‍ വെച്ചാണ് പ്രതികളെ പിടികൂടിയത്.


ജൂണ്‍ 6 ന് പള്ളൂരിലെ ഇലക്ട്രോണിക് ഷോപ്പായ ഇ പ്ലാനറ്റില്‍ നിന്നും 8,00,000 രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട് വാച്ചുകളും കളവുപോയി. അന്നേ ദിവസം തന്നെ ഇരട്ടപ്പിലാക്കൂലിലെ മൊബിഹബ് എന്ന കടയില്‍ നിന്നും 4,00,000 രൂപ വില മതിക്കുന്ന മൊബൈല്‍ ഫോണുകളും കവര്‍ച്ച പോയി. തുടര്‍ന്ന് കട ഉടമകളില്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.


പുതുച്ചേരി എസ് എസ് പിയുടെ നിര്‍ദേശപ്രകാരം മാഹി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ കേസ് അന്വേഷണത്തിനായി രണ്ട് സ്‌പെഷ്യല്‍ ടീമുകള്‍ രൂപീകരിച്ചാണ് പ്രതികള്‍ക്കായുള്ള അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ ഇവര്‍ ബീഹാറിലെ മോത്തിഹാരി എന്ന സ്ഥലത്തെ ഗോദാഹസന്‍ ഗാങ്ങ് എന്നറിയപ്പെടുന്ന കുപ്രസിദ്ധ കൊള്ളസംഘത്തിലുള്ളവരാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണ സംഘം ഏകദേശം പത്ത് ദിവസത്തോളം കുറ്റ്യാടിയില്‍ കൂലി പണിക്കാര്‍ എന്ന വ്യാജേന വാടകയ്ക്ക് താമസിച്ചിരുന്നതായും കളവ് നടത്തിയതിന് ശേഷം സംഘം ബീഹാറിലേക്ക് കടന്നു കളയുകയായിരുന്നെന്നും കണ്ടെത്തി.


ഇരുപത് ദിവസത്തോളം ഡല്‍ഹിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ ഇളങ്കോ എസ് ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വലയിലാക്കിയത്. മാഹി പോലീസ് സ്‌പെഷ്യല്‍ ഗ്രേഡ് എ എസ് ഐമാരായ കിഷോര്‍ കുമാര്‍, സുനില്‍ കുമാര്‍, പ്രസാദ്, പോലീസുകാരായ ശ്രീജേഷ്, രാജേഷ്, നിഷിത്ത്, പ്രീത് എമന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂന്ന് പ്രതികളെയും മാഹി ജുഡീഷ്യല്‍ മജിസ്റ്റ്രട്ടിന്റെ ുന്‍പാകെ റിമാന്‍ഡിനായി ഹാജരാക്കി.


Post a Comment

0 Comments