കുമ്പളയിൽ വീടിന്റെ മട്ടുപ്പാവിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു

കുമ്പളയിൽ വീടിന്റെ മട്ടുപ്പാവിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു

 



കുമ്പള : വാടകവീടിന്റെ മട്ടുപ്പാവിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവ് അറസ്റ്റിൽ. കണ്ണാടിപ്പാറ ബേക്കൂർ സ്വദേശി നജീബ് മെഹഫൂസ് (22) ആണ് അറസ്റ്റിലായത്. കുമ്പള ഇൻസ്പെക്ടർ പി.പ്രമോദിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.


ശനിയാഴ്ച രാവിലെ 11-ഓടെയാണ് പരിശോധന നടത്തിയത്. കുമ്പള കിദൂരിലെ മൈലാളം റോഡ് എന്ന സ്ഥലത്ത് വാടകവീട്ടിൽ താമസിക്കുകയായിരുന്ന പ്രതി വീടിന്റെ മട്ടുപ്പാവിൽ കഞ്ചാവ് ചെടി വളർത്തുകയായിരുന്നു. കുടിവെള്ളം വിതരണംചെയ്യുന്ന 20 ലിറ്ററിന്റെ കുപ്പിയുടെ മുകൾഭാഗം മുറിച്ച് മണ്ണ് നിറച്ച് വളർത്തിയ നിലയിലായിരുന്നു ചെടികൾ. ഏകദേശം രണ്ടുമാസം വളർച്ചയുള്ള മൂന്ന് ചെടികളാണ് ഇവിടെനിന്ന്‌ പോലീസ് കണ്ടെത്തിയത്.


സ്വന്തമായി ഉപയോഗിക്കുന്നതിനും വിൽപ്പനയ്ക്കുമായാണ് പ്രതി കഞ്ചാവ് ചെടി വളർത്തിയതെന്നാണ് പോലീസ് നിഗമനം. മംഗളൂരുവിലെ ബി.കോം. വിദ്യാർഥിയായ നജീബ് മെഹഫൂസ് അവിടെനിന്നാകാം വിത്ത് ശേഖരിച്ചതെന്നും പോലീസ് സംശയിക്കുന്നു. പ്രതിയെയും പിടികൂടിയ കഞ്ചാവ് ചെടികളും കോടതിയിൽ ഹാജരാക്കി. 10 വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്നും പോലീസ് പറഞ്ഞു.

Post a Comment

0 Comments