500 മീറ്റര്‍ പേപ്പറില്‍ വിശുദ്ധ ഖുറാന്‍ കൈകൊണ്ടെഴുതി; ഇരുപത്തിയേഴുകാരന് ലോക റെക്കോര്‍ഡ്

LATEST UPDATES

6/recent/ticker-posts

500 മീറ്റര്‍ പേപ്പറില്‍ വിശുദ്ധ ഖുറാന്‍ കൈകൊണ്ടെഴുതി; ഇരുപത്തിയേഴുകാരന് ലോക റെക്കോര്‍ഡ്

 


500 മീറ്റര്‍ പേപ്പറില്‍  വിശുദ്ധ ഖുറാന്‍ കൈകൊണ്ട് എഴുതി ലോക റെക്കോര്‍ഡ് സൃഷ്ടിച്ച് 27കാരന്‍. മുസ്തഫ-ഇബ്ന്‍-ജമീല്‍ എന്ന കശ്മീരി കാലിഗ്രാഫറാണ്
റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഏഴ് മാസം കൊണ്ടാണ് മുസ്തഫ ഖുറാൻ എഴുതി തീർത്തത്. ഗുരേസ് താഴ്വരയിലെ ബന്ദിപോര സ്വദേശിയാണ് മുസ്തഫ.


കശ്മീരി ഫോട്ടോജേണലിസ്റ്റ് ബാസിത് സാഗര്‍ ആണ് ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. 500 മീറ്റര്‍ നീളമുള്ള പേപ്പര്‍ ഒരാള്‍ നിവര്‍ത്തുന്നതും ബാസിത് അതിന്റെ ഫോട്ടോ എടുക്കുന്നതും വീഡിയോയില്‍ കാണാം. 12,500 ഓളം പേരാണ് വീഡിയോ കണ്ടത്. ലിങ്കണ്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലാണ് (lincoln book of records) അദ്ദേഹം ഇടംനേടിയത്. വെബ്‌സൈറ്റ് പ്രകാരം, 14.5 ഇഞ്ച് വീതിയും 500 മീറ്റര്‍ നീളവുമുള്ള പേപ്പറിലാണ് മുസ്തഫ വിശുദ്ധ ഖുറാന്‍ എഴുതിയത്.


അല്‍ജസീറ ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍, അദ്ദേഹം എല്ലാ ദിവസവും 18 മണിക്കൂര്‍ ഖുറാന്‍ എഴുതാറുണ്ടായിരുന്നുവെന്നാണ് പറയുന്നത്‌. കൈയക്ഷരം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് താന്‍ കാലിഗ്രാഫി ആരംഭിച്ചതെന്ന് മുസ്തഫ പറയുന്നു. കാലിഗ്രാഫി പഠിക്കുന്നതിനിടെ, അദ്ദേഹം ഖുറാനിലെ വാക്യങ്ങള്‍ എഴുതിയിരുന്നു. അങ്ങനെയാണ് മുഴുവന്‍ ഖുറാനും എഴുതാമെന്ന് മുസ്തഫ ചിന്തിച്ചത്.

വീഡിയോ കണ്ടതിനു ശേഷം നിരവധി പേരാണ് മുസ്തഫയെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇത്രയും മനോഹരമായ ഒരു കാര്യം ചെയ്തതിനു ശേഷം മുസ്തഫയെ എല്ലാവരും അറിയാന്‍ തുടങ്ങിയെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് പറഞ്ഞു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മുസ്തഫ, വിശുദ്ധ ഖുറാന്‍ ഷീന ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ടെന്ന് മറ്റൊരു ഉപയോക്താവ് പറഞ്ഞു.

2011ല്‍, ലോകത്തിലെ ഏറ്റവും വലിയ ബോള്‍ പോയിന്റ് പേന നിര്‍മ്മിച്ച് ഹൈദരാബാദ് നിവാസിയായ ആചാര്യ മകുനൂരി ശ്രീനിവാസ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. 2011ലാണ് ശ്രീനിവാസയും സംഘവും ചേര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ ബോള്‍ പോയിന്റ് പെന്‍ നിര്‍മ്മിച്ച് റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഈ പേന കേവലം പ്രദര്‍ശനത്തിനു വേണ്ടി മാത്രമുള്ളതല്ല, അതുപയോഗിച്ച് എഴുതാനും സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു സംഘം ആളുകള്‍ ചേര്‍ന്ന് പേന പിടിച്ച് പൊക്കുന്നതും ഒരു വലിയ വെള്ള പേപ്പറില്‍ ഒരു കാരിക്കേച്ചര്‍ വരയ്ക്കുന്നതിന്റെ വീഡിയോയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് പങ്കുവെച്ചിരുന്നു.


5.5 മീറ്റര്‍ നീളമാണ് ഈ ബോള്‍ പോയിന്റ് പേനയ്ക്കുള്ളത്. പേനയുടെ ഭാരം 37.23 കിലോഗ്രാമില്‍ കൂടുതലാണ്. ഇന്ത്യന്‍ പുരാണ കഥകളിലെ രംഗങ്ങള്‍ കൊത്തിയ ബോള്‍പോയിന്റ് പേന ശ്രീനിവാസ നിര്‍മ്മിച്ചതാണെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പറയുന്നു. പിച്ചള ഉപയോഗിച്ചാണ് പേന നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ പുറംഭാഗത്തെ പിച്ചളത്തോടിന് ഒമ്പത് കിലോഗ്രാം ഭാരമുണ്ട്. 2011 ഏപ്രില്‍ 24-ന് ഹൈദരാബാദിലാണ് പേനയുടെ റെക്കോര്‍ഡ് പുറംലോകമറിഞ്ഞത്. ഇതോടെ, 1.45 മീറ്റര്‍ അല്ലെങ്കില്‍ 4 അടി 9 ഇഞ്ച് എന്ന മുന്‍ റെക്കോര്‍ഡിനെയാണ് ശ്രീനിവാസയുടെ ബോള്‍ പെന്‍ മറികടന്നത്.

Post a Comment

0 Comments