റോഡിലെ കുഴികള്‍ ഉടന്‍ അടയ്ക്കണം; ദേശീയപാത അതോറിട്ടിക്ക് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം

LATEST UPDATES

6/recent/ticker-posts

റോഡിലെ കുഴികള്‍ ഉടന്‍ അടയ്ക്കണം; ദേശീയപാത അതോറിട്ടിക്ക് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം




ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ദേശീയപാതകളിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കാന്‍ ഹൈക്കോടതി ദേശീയപാത അതോറിട്ടിയോട് ആവശ്യപ്പെട്ടു. ദേശീയപാത കേരള റീജിയണല്‍ ഓഫീസര്‍ക്കും പ്രോജക്ട് ഡയറക്ടര്‍ക്കുമാണ് കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്. 


അമിക്കസ് ക്യൂറി വഴി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് നിര്‍ദേശം നല്‍കിയത്. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച കേസ് നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ കേസ് പരിഗണിക്കവെ, നിര്‍മ്മാണം കഴിഞ്ഞ ഉടന്‍ തന്നെ തകരാന്‍ റോഡുകള്‍ പശ വെച്ച് ഒട്ടിക്കുകയാണോ എന്നും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. റോഡിലെ കുഴികള്‍ സംബന്ധിച്ച കേസ് ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.


വെള്ളിയാഴ്ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചത്. ഹോട്ടൽ ജീവനക്കാരനായ പറവൂർ മാഞ്ഞാലി സ്വദേശി ഹാഷിം(52) ആണ് മരിച്ചത്. രാത്രി 10.30ഓടെയാണ് അപകടമുണ്ടായത്. നെടുമ്പാശേരി മാർ അത്തനേഷ്യസ് സ്കൂളിന് മുൻപിലെ കുഴിയിലാണ് ഹാഷിം വീണത്. ദേശീയപാതയിലെ ഭീമൻകുഴിയിൽ വീണ സ്കൂട്ടറിൽ നിന്ന് ഹാഷിം റോഡിലേക്ക് തെറിച്ചു വീഴുകയും ഈ സമയം പിറകിൽ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു. 


സംഭവത്തിന് പിന്നാലെ ദേശീയപാതയിലെ കുഴികള്‍ക്ക് പൂര്‍ണ ഉത്തരവാദി കരാറുകാരാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഭയക്കുകയാണെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തിയിരുന്നു. ദേശീയപാതയിലെ പ്രശ്‌നത്തില്‍ പൊതുമരാമത്ത് വകുപ്പിന് ഇടപെടാനാവില്ല.ദേശീയ പാതയിലെ കുഴികൾ അടയ്ക്കാത്ത കരാറുകാർക്കും അവർക്കെതിരെ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണം. കുഴികൾ ഇല്ലാതാക്കാൻ സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാർ മുൻകൈ എടുക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. 

Post a Comment

0 Comments