സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് എവിടെ? ജീവിച്ചിരിപ്പില്ലെന്നു സൂചന നല്‍കി അന്വേഷണ സംഘം

LATEST UPDATES

6/recent/ticker-posts

സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് എവിടെ? ജീവിച്ചിരിപ്പില്ലെന്നു സൂചന നല്‍കി അന്വേഷണ സംഘം




പന്തിരിക്കരയില്‍ ഇര്‍ഷാദ് എന്ന യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ സംഭവം സുപ്രധാന വഴിത്തിരിവില്‍. തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നു കരുതിയ യുവാവ് ജീവിച്ചിരിപ്പില്ലെന്നാണ് അന്വേഷണ സംഘം നല്‍കുന്ന നിര്‍ണായക സൂചന. കഴിഞ്ഞ ദിവസം കടലൂര്‍ നന്തിയിലെ കോടിക്കല്‍ കടപ്പുറത്ത് കണ്ടെത്തി സംസ്‌കരിച്ച മൃതദേഹം തട്ടിക്കൊണ്ടുപോകപ്പെട്ട ഇര്‍ഷാദിന്റേതാകാമെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.


ജൂലൈ 16 ന് രാത്രി കോഴിക്കോട് -അത്തോളി റൂട്ടിലെ പുറക്കാട്ടിരി പാലത്തില്‍ നിന്ന് ഒരു യുവാവ് പുഴയിലേക്ക് ചാടിയതായി പോലീസിനു സൂചന ലഭിച്ചിരുന്നു. ചുവന്ന കാറില്‍ നിന്ന് ഇറങ്ങിയ ഒരു യുവാവ് പുഴയില്‍ ചാടിയെന്ന വിവരം നല്‍കിയത് നാട്ടുകാരില്‍ ചിലരാണ്. കേസില്‍ കസ്റ്റഡിയിലുള്ള ഒരാളും സമാനമായ മൊഴി നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.


സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര ആവടുക്കയിലെ കോഴിക്കുന്നുമ്മല്‍ ഇര്‍ഷാദിനെ കാണാതായതിന്റെ പിറ്റേന്നാണ് കോടിക്കല്‍ കടുപ്പുറത്ത് മൃതദേഹം കണ്ടെത്തിയത്. ജൂണ്‍ ഏഴിന് മേപ്പയ്യൂരില്‍ നിന്നു കാണാതായ കൂനം വെള്ളിക്കാവ് വടക്കേടത്തുകണ്ടി ദീപകി(36) ന്റെ മൃതദേഹമാണെന്നു കരുതി ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച ഡി എന്‍ എ പരിശോധനാഫലം ലഭിച്ചപ്പോള്‍ മൃതദേഹം ദീപക്കിന്റേതല്ലെന്നു വ്യക്തമായി.


കേസില്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ യുവാവ് നിര്‍ണായക വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെയാണ് മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന സംശയത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയത്. ഇത് സ്ഥിരീകരിക്കുന്നതിനായി ഇര്‍ഷാദിന്റെ ബാപ്പയുടെയും ഉമ്മയുടെയും ഡി എന്‍ എ സാമ്പിള്‍ അടുത്ത ദിവസം പരിശോധിക്കും. പേരാമ്പ്ര എ എസ് പി. ടി കെ വിഷ്ണുപ്രദീപ്, പെരുവണ്ണാമൂഴി സി ഐ സുഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ പ്രത്യേക അന്വേഷണ സംഘം പുറക്കാട്ടിരിയിലെത്തി യുവാവ് പുഴയില്‍ ചാടിയെന്ന സൂചന സ്ഥിരീകരിച്ചിട്ടുണ്ട്. 916 നാസറെന്നറിയപ്പെടുന്ന താമരശ്ശേരി കൈതപ്പൊയില്‍ ചെന്നിപ്പറമ്പില്‍ മുഹമ്മദ് സ്വാലിഹിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയത് എന്നാണു വിവരം. കേസില്‍ മുഖ്യപ്രതിയായ ഇയാള്‍ ദുബൈയിലാണ്.


യുവാവ് പുഴയില്‍ ചാടിയതോടെ തട്ടിക്കൊണ്ടുപോയവര്‍ കാറുമായി രക്ഷപ്പെട്ടതായാണ് സംശയിക്കുന്നത്. പ്രദേശത്തെ ചില നിരീക്ഷണ കാമറകളില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനം കടന്നുപോയതായി കണ്ടെത്തിയിട്ടുണ്ട്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വയനാട് സ്വദേശികളായ ഷെഹീല്‍, ജിനാഫ് എന്നിവര്‍ അറസ്റ്റിലായിരുന്നു. തട്ടിക്കൊണ്ടുപോയ ശേഷം ഒളിത്താവളത്തിലേക്ക് മാറ്റുന്നതിനിടെ ഇര്‍ഷാദ് പുഴയിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഇരുവരും മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഇര്‍ഷാദിന്റെ ഒരു വീഡിയോ സന്ദേശം പുറത്തു വന്നിരുന്നു. വയനാട്ടിലെ റൂമിലാണ് താന്‍ ഇപ്പോഴുള്ളതെന്ന് വീഡിയോയില്‍ പറഞ്ഞിരുന്നു. ഈ വീഡിയോ ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോകുന്നതിന് മുമ്പുള്ളതാണെന്നാണ് പോലീസ് കരുതുന്നത്.


ദുബൈയില്‍ നിന്ന് കഴിഞ്ഞ മേയിലാണ് ഇര്‍ഷാദ് നാട്ടിലെത്തിയത്. അതിന് ശേഷം കോഴിക്കോട് നഗരത്തില്‍ ജോലി ചെയ്യുകയായിരുന്നു. കാണതായ ശേഷം വിദേശത്തുള്ള സഹോദരന്റെ ഫോണിലേക്ക് വാട്സാപ് വഴി ഭീഷണി സന്ദേശം എത്തി. ഇര്‍ഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം അയച്ചു കൊടുത്തു. ദുബൈയില്‍ നിന്ന് ഇര്‍ഷാദ് വശം കൊടുത്തുവിട്ട സ്വര്‍ണം തിരികെ വേണമെന്നും ഇല്ലെങ്കില്‍ കൊന്നുകളയുമെന്നുമായിരുന്നു ഭീഷണി.

Post a Comment

0 Comments