അറ്റകുറ്റപ്പണി കഴിഞ്ഞു; ബേക്കൽ പാലം നാളെ തുറക്കും

അറ്റകുറ്റപ്പണി കഴിഞ്ഞു; ബേക്കൽ പാലം നാളെ തുറക്കും

 



ബേക്കൽ  : കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ ബേക്കൽ പാലത്തിന്റെ രണ്ട് പ്രവേശനകവാടങ്ങളിലേയും അറ്റകുറ്റപ്പണികൾ പൂർത്തിയായി. തിങ്കളാഴ്ച പാലം തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ ഹരിഷ് അറിയിച്ചു.


കാസർകോട് ഭാഗത്തുനിന്ന് ബേക്കൽ പാലത്തിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നയിടം പതിവായി കുഴിയുണ്ടാകുന്ന ഇടമായിരുന്നു. മൂന്നുവർഷത്തിനിടയിൽ 13 തവണ പണിയെടുത്തിട്ടും പ്രശ്നം പരിഹരിക്കപ്പെടാതെ വന്നതോടെയാണ് കഴിഞ്ഞ 29-ന് പാലത്തിലൂടെയുള്ള ഗതാഗതം 10 ദിവസത്തേക്ക് തടഞ്ഞശേഷം അറ്റകുറ്റപ്പണി തുടങ്ങിയത്. പാലത്തിന്റെ ഇരു പ്രവേശനകവാടങ്ങളിലും നാലുമീറ്ററിലധികം വീതിയിലും ഒരുമീറ്റർ ആഴത്തിലും കുഴിച്ചെടുത്താണ് ജോലി പൂർത്തീകരിച്ചത്.


കൊരുപ്പുകട്ടകൾ നിരത്തിയശേഷം വശങ്ങളിൽ സിമിന്റിട്ടിട്ടുണ്ട്. ഇത് ഉറക്കാനുള്ള സമയത്തിന് വേണ്ടിയാണ് പാലത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നത് ഇത്രയും വൈകിയത്.കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ പാലത്തിലെ ഇടതുഭാഗത്താണ് പതിവായി കുഴി രൂപപ്പെട്ടുകൊണ്ടിരുന്നത്. ഈ പാത കെ.എസ്.ടി.പി.യുടെ അധീനതയിലായിരുന്നപ്പോൾ എട്ടുതവണ കുഴി അടച്ചിരുന്നു. ടാർ ചെയ്തും കൊരുപ്പുകട്ട നിരത്തിയും കോൺക്രീറ്റ്‌ ചെയ്തുമൊക്കെ നടത്തിയ ശ്രമങ്ങൾ എല്ലാം പരാജയമായിരുന്നു.


കേരളപ്പിറവി ദിനത്തിൽ ഈ പാത പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതിന് പിറകെ ഘനവും വീതിയും കൂട്ടി അവരും പലവട്ടം കുഴിയടിച്ചു. ഇതും ഫലം കാണാതെ വന്നതോടെയാണ് 10 ദിവസം പാലം അടച്ചിട്ട് പ്രശ്നമുള്ള ഭാഗങ്ങളിൽ ആഴത്തിൽ കുഴിതീർത്ത് അതിൽ കരിങ്കൽച്ചീളുകൾ നിറച്ച് മറ്റൊരു മിശ്രിതം നിരത്തി കൊരുപ്പുകട്ടകൾ പാകിയത്‌.


Post a Comment

0 Comments